Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്

ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള മകന്റെ സുഹൃത്തുക്കളെ ഫേസ്‍ബുക്കില്‍ കണ്ടതോടെയാണ് അച്ഛന്‍ നിയന്ത്രണം വിട്ടത്. കുപിതനായ ഇയാള്‍ മകനെ ശകാരിക്കുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

man faces trial for breaking sons mobile phone
Author
Fujairah - United Arab Emirates, First Published Jul 25, 2019, 1:02 PM IST

ഫുജൈറ: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്. ഫുജൈറ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ തുടങ്ങിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍പ്രതിയായ വ്യക്തി തന്റെ ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ കാരണം നേരത്തെ വിവാഹമോചനം നേടിയിരുന്നു. കേസ് നടപടികള്‍ക്കൊടുവില്‍ കുട്ടികളുടെ സംരക്ഷണാവകാശം കോടതി ഭാര്യയ്ക്കാണ് അനുവദിച്ചുകൊടുത്തത്. എന്നാല്‍ ഭര്‍ത്താവിന് നിശ്ചിത ദിവസങ്ങളില്‍ കുട്ടികളെ സന്ദര്‍ശിക്കാനും ശരീഅഃ കോടതി അനുമതി നല്‍കിയിരുന്നു.

കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടയില്‍ അച്ഛന്‍, പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള മകന്റെ സുഹൃത്തുക്കളെ ഫേസ്‍ബുക്കില്‍ കണ്ടതോടെയാണ് അച്ഛന്റെ നിയന്ത്രണം വിട്ടത്. കുപിതനായ ഇയാള്‍ മകനെ ശകാരിക്കുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

എന്നാല്‍ സംഭവമറിഞ്ഞ അമ്മ, അച്ഛനെതിരെ ഫുജൈറ പൊലീസില്‍ പരാതി നല്‍കി. മകനെ ശകാരിച്ചതിനും ഫോണ്‍ പൊട്ടിച്ചതിനുമെതിരെയായിരുന്നു കേസ്. നടപടികള്‍ പൂര്‍ത്തിയാക്കി ഫുജൈറ പ്രോസിക്യൂഷന്‍, കേസ് കോടതിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയത് അച്ഛനാണെന്നും അത് തെറ്റായി ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ഗുണദോശിക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ വാദിച്ചത്. കേസ് വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു.

Follow Us:
Download App:
  • android
  • ios