റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മലമുകളില്‍ നിന്ന് വീണ് സ്വദേശി മധ്യവയസ്‌കന് പരിക്കേറ്റു. ജബല്‍ മബ്രയ്ക്ക് സമീപമുള്ള അല്‍ താലിലെ മലമുകളില്‍ നിന്ന് ബുധനാഴ്ചയാണ് 50കാരന്‍ വീണത്.

മലമുകളില്‍ നിന്ന് സ്വദേശി കാല്‍വഴുതി വീണെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍  സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെന്ന് റാസല്‍ഖൈമ പൊലീസിലെ എയര്‍ വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് സഈദ് റാഷിദ് അല്‍ യമഹി പറഞ്ഞു. ഇയാളെ കണ്ടെത്തിയ ശേഷം അടിയന്തര ചികിത്സയ്ക്കായി റാസല്‍ഖൈമയിലെ സഖര്‍ ആശുപത്രിയിലേക്ക് മാറ്റി. താമസക്കാരും സന്ദര്‍ശകരും മലമുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കേണല്‍ അല്‍ യമഹി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.