അബുദാബി: പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതി മാന്‍ഹോളില്‍ വീണു. ഇയാളെ പിന്തുടര്‍ന്നെത്തിയ പൊലീസുകാരനും മാന്‍ഹോളില്‍ വീണെങ്കിലും ഇരുവര്‍ക്കും പരിക്കേറ്റില്ല. മയക്കുമരുന്ന് കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അബുദാബി പൊലീസ് യുവാവിനെ പിടികൂടാനെത്തിയത്.

റോഡില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തുകയും പിടികൂടാനായി അടുത്തെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ റോഡരികിലുള്ള മാന്‍ ഹോളിനുള്ളിലേക്കാണ് പ്രതി വീണത്. പിന്നാലെയെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനും മാന്‍ഹോളില്‍ വീണു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിക്ക് അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി 10,000 ദിര്‍ഹം പിഴയും ഒരു മാസം തടവുമാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിന് പുറമെ അറസ്റ്റ് തടസപ്പെടുത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

എന്നാല്‍ ശിക്ഷാവിധിക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചു. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്നുമാണ് ഇയാള്‍ വാദിച്ചത്. ഒരു വര്‍ഷത്തോളം മുന്‍പ് നടന്ന ഒരു വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റുവെന്നും ഒരുമാസത്തോളം കോമയിലായിരുന്ന ഇയാള്‍ക്ക് ഇപ്പോഴും ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും പ്രതിയുടെ അച്ഛന്‍ കോടതിയെ അറിയിച്ചു. ചികിത്സാ രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. മാനസിക പ്രശ്നങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ മാത്രമാണ് ഇയാള്‍ കഴിച്ചതെന്നായിരുന്നു പ്രധാന വാദം. കേസ് ജൂണ്‍ 25ലേക്ക് മാറ്റിവെച്ചു.