ഇരുവരും തമ്മില്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. യുവതിയെ ഇയാള്‍ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു.
അബുദാബി: യുവതിയെ തട്ടിക്കൊണ്ടുപോവുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നേരത്തെ കീഴ്ക്കോടതി വിധിച്ച അഞ്ച് വര്‍ഷം തടവ് ഇളവ് ചെയ്താണ് അപ്പീല്‍ കോടതി രണ്ട് വര്‍ഷമാക്കി കുറച്ചത്.
ഇരുവരും തമ്മില്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. യുവതിയെ ഇയാള്‍ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യുവതി ഫോണ്‍ കോളുകളോട് പോലും പ്രതികരിക്കാതായതോടെയാണ് പ്രശ്നങ്ങളുണ്ടായതെന്ന് പ്രതി കോടതിയെ അറിയിച്ചു.
പരസ്പരം അകന്നുകഴിയുന്നതിനിടയിലും ഒരു ദിവസം രാത്രി 10 മണിയോടെ പ്രതിയെ യുവതി ഫോണില്‍ വിളിച്ചു. തന്നെ താമസ സ്ഥലത്ത് കൊണ്ട് വിടണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് കാറുമായി സ്ഥലത്തെത്തിയ ഇയാള്‍ യുവതിയെ കയറ്റിയ ശേഷം വീട്ടിലേക്ക് പോകാതെ മരുഭൂമിയിലേക്ക് ഓടിച്ചുപോയി. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഇയാള്‍ ഒരു ബോട്ടില്‍ നിറയെ പെട്രോളും പുറത്തെടുത്തു.
യുവതി നിലവിളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കൂടി പോയ ഒരു പൊലീസ് പട്രോള്‍ കാര്‍ ഇവരുടെ അടുത്തെത്തി. പൊലീസിനെ കണ്ടതോടെ ഇയാള്‍ കാര്‍ വീണ്ടും ഓടിച്ചുപോവുകയായിരുന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറാവാതെ വന്നതോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.
