കുവൈത്ത് സിറ്റി: കുവൈത്തില്‍ അമേരിക്കന്‍ സൈനിക വാഹനത്തെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. ഈജിപ്ത് പൗരനായ ഇബ്രാഹിം സുലൈമാനാണ്(32) സുപ്രീംകോടതി ശിക്ഷ വിധിച്ചത്. ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന പ്രതി യുഎസ് സൈനിക വാഹനത്തെ ബോധപൂര്‍വ്വം ആക്രമിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. 

2016 ഒക്ടോബറിലാണ് കേസാനാസ്പദമായ സംഭവം ഉണ്ടായത്. കുവൈത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആദ്യത്തെ ആക്രമണമായിരുന്നു ഇത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച മാലിന്യ ശേഖരണ വാഹനം അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ച് അമേരിക്കന്‍ സൈനികരാണ് കാറിലുണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ക്ക് പരിക്കേറ്റില്ലെന്നും അപകടത്തില്‍ പ്രതിക്ക് പരിക്കുകള്‍ സംഭവിച്ചിരുന്നതായും കുവൈത്ത് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.