90 ലക്ഷം ദിര്‍ഹത്തിന്റെ (17 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വത്താണ് അറബ് പൗരന് നഷ്ടമായത്. സുഹൃത്തും താനും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരായിരുന്നെന്നും അയാളോടുള്ള സ്നേഹവും ബഹുമാനവും കാരണം അന്ധമായി വിശ്വസിക്കുകയായിരുന്നെന്നും ഇയാള്‍ കോടതിയില്‍ അറിയിച്ചു. 

അബുദാബി: ആത്മാര്‍ത്ഥ സുഹൃത്തിന്റെ ചതിയില്‍ പെട്ട യുഎഇ പൗരന്‍ നീതിതേടി കോടതിയില്‍. അബുദാബി സ്വദേശിയുടെ വീടും കാറും ഭൂമിയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇയാള്‍ അറിയാതെ അടുത്ത സുഹൃത്ത് വില്‍ക്കുകയായിരുന്നു. വസ്തുവകകള്‍ നോക്കി നടത്തുന്നതിന് സുഹൃത്തിനെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയതാണ് ഇയാള്‍ക്ക് വിനയായത്. 

90 ലക്ഷം ദിര്‍ഹത്തിന്റെ (17 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വത്താണ് അറബ് പൗരന് നഷ്ടമായത്. സുഹൃത്തും താനും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരായിരുന്നെന്നും അയാളോടുള്ള സ്നേഹവും ബഹുമാനവും കാരണം അന്ധമായി വിശ്വസിക്കുകയായിരുന്നെന്നും ഇയാള്‍ കോടതിയില്‍ അറിയിച്ചു. ബിസിനസുകാരനായ പരാതിക്കാരന് മറ്റ് തിരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ കുറേ സ്വത്തുകളുടെ പവര്‍ ഓഫ് അറ്റോര്‍ണി തനിക്ക് നല്‍കുന്നതാണ് നല്ലതെന്ന് സുഹൃത്ത് വിശ്വസിപ്പിക്കുകയായിരുന്നു.

പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ചതോടെ ഉടമ അറിയാതെ ഇയാള്‍ സ്വത്ത് വിറ്റു. ചതിക്കപ്പെട്ടത് മനസിലാക്കിയതോടെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ തനിക്ക് പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടായിരുന്നത് കൊണ്ടുതന്നെ വില്‍ക്കാനുള്ള അവകാശവുമുണ്ടെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. അങ്ങനെയാണെങ്കില്‍ വിറ്റുകിട്ടിയ പണം തിരികെ നല്‍കണമെന്ന് ഉടമയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കൂടുതല്‍ വാദങ്ങള്‍ക്കായി കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റിവെച്ചു.