അബുദാബി: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ അബുദാബിയില്‍ യുവാവിനെതിരെ നടപടി. നിയമലംഘനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്നതാണ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ പ്രതി പോസ്റ്റ് ചെയത വീഡിയോ എന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് വിധിച്ചത്.

സ്കൂളുകളിലെ അധ്യാപകര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇയാളുടെ വീഡിയോയില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കൈകാര്യം ചെയ്യണമെന്ന ആഹ്വാനവും ഇതിലുണ്ടായിരുന്നെന്ന് കോടതി കണ്ടെത്തി. എന്നാല്‍ വിചാരണയ്ക്കിടെ പ്രതി കുറ്റങ്ങളെല്ലാം നിഷേധിച്ചു. താന്‍ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ഒരു തരത്തിലുള്ള വിദ്വേഷ പ്രചാരണമോ പരിഹാസമോ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. സ്കൂളുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുക തന്റെ ലക്ഷ്യമല്ലായിരുന്നുവെന്ന് പറഞ്ഞ ഇയാള്‍ തമാശയ്ക്ക് വേണ്ടി വീഡിയോ ചെയ്തതാണെന്നും താനും തന്റെ സുഹൃത്തുക്കളും മാത്രമേ ഇത് കണ്ടിട്ടുള്ളൂവെന്നും വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു.