ബബൂണ്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ അപ്രതീക്ഷിത ആക്രമണത്തിലാണ് പ്രവാസിക്ക് പരിക്കേറ്റത്.

റിയാദ്: സൗദി അറേബ്യയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ പ്രവാസിക്ക് പരിക്കേറ്റു. ബബൂണ്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ അപ്രതീക്ഷിത ആക്രമണത്തിലാണ് പ്രവാസിക്ക് പരിക്കേറ്റത്. അസീര്‍ പ്രവിശ്യയില്‍പ്പെട്ട ശആര്‍ ചുരം റോഡിന്റെ മുകള്‍ ഭാഗത്ത് ലോറി നിര്‍ത്തിയ സമയത്താണ് ആക്രമണമുണ്ടായത്. 

പരിക്കേറ്റ പ്രവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ബബൂണ്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ വര്‍ധനവ് മൂലമുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അടുത്തിടെ പദ്ധതി ആരംഭിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളിലും കാര്‍ഷിക മേഖലകളിലും ബബൂണ്‍ കുരങ്ങുകള്‍ വര്‍ധിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്താനും പരിഹാരം കണ്ടെത്താനുമാണ് പദ്ധതിയുടെ ലക്ഷ്യം.

Read More - ലഗേജില്‍ ഒളിപ്പിച്ച രാസവസ്‍തു വിമാനത്തില്‍ പൊട്ടിയൊഴുകി; പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

രണ്ടാഴ്ച മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ സഹായം തേടി മാതാവ്

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽനിന്ന് 100 കിലോമീറ്റർ അകലെ അൽഖർജിലെ അൽസാഹിർ ഡിസ്ട്രിക്ടിൽനിന്ന് രണ്ടാഴ്ച മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ സൗദി പെൺകുട്ടി, സ്വീത അൽ അജ്മിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായം തേടി മാതാവ്. മകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അമ്മ പാരിതോഷികം പ്രഖ്യാപിച്ചു. 

പതിനഞ്ചുകാരിയുടെ ഫോട്ടോകൾ പങ്കുവെച്ച അമ്മ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെൺകുട്ടിക്കുവേണ്ടി അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. രണ്ടാഴ്ച മുമ്പ് വീടിനുസമീപത്തെ സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ, രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്ന് പുറത്തുപോയ മകൾ പിന്നീട് തിരിച്ചു വരാതിരിക്കുകയായിരുന്നെന്ന് സ്വീതയുടെ മാതാവ് പറഞ്ഞു. മകളെ കാണാതായതായി അന്നേദിവസം തന്നെ തങ്ങൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചു. മകൾക്ക് യാതൊരുവിധ ആരോഗ്യ, മാനസിക പ്രശ്‌നങ്ങളുമില്ല.

മകൾ പഠിക്കുന്ന സ്‌കൂളിലെ സഹപാഠികളുമായി ആശയവിനിയമം നടത്തി വിവരങ്ങൾ ആരായാൻ താൻ ശ്രമിച്ചെങ്കിലും സ്‌കൂൾ അധികൃതർ അനുവദിച്ചില്ല. സ്വീതയുടെ പിതാവുമായി അമ്മ നേരത്തെ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. പിതാവുമായും താൻ ആശയവിനിമയം നടത്തിയെന്നും മുൻ ഭർത്താവിന്റെ അടുത്തും മകൾ എത്തിയിരുന്നില്ലെന്നും അമ്മ പറയുന്നു.