ദുബായ്: സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് 11 വയസുള്ള ഇന്ത്യന്‍ ബാലികയെ ശല്യം ചെയ്തയാള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. ഏപ്രില്‍ നാലിന് നടന്ന സംഭവത്തില്‍ മൊറോക്കോ പൗരന് ആറ് മാസം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നാഇഫിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ അപമര്യാദയായി സ്പര്‍ശിച്ചത്. മനഃപൂര്‍വം കുട്ടിയുടെ ശരീരത്തോട് ചേര്‍ന്നുനിന്ന ഇയാള്‍ കുട്ടിയെ തന്നിലേക്ക് പിടിച്ച് അടുപ്പിക്കുകയും ഒന്നിലേറെ തവണ ശരീരത്തില്‍ തൊടുകയും ചെയ്തു. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, പ്രതി പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് സ്ഥിരീകരിച്ചു. പിന്നാലെ 29കാരനായ പ്രതിയെ പിടികൂടി. അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നായിരുന്നു ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു.