Asianet News MalayalamAsianet News Malayalam

ദുബായില്‍ ജയില്‍പുള്ളികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ

ജയിലില്‍ ഭക്ഷണം എത്തിക്കുന്നതിന് ദുബായ് ജയില്‍ വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ട കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രതി. അധിക ഭക്ഷണം നല്‍കുന്നതിനായി 110 ദിര്‍ഹത്തിന്റെ ഫോണ്‍ റീചാര്‍ജ് കാര്‍ഡാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. 

Man jailed for taking phone credit bribes from prisoners
Author
Dubai - United Arab Emirates, First Published Dec 15, 2018, 12:48 PM IST

ദുബായ്: ദുബായ് സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരന്റെ അപ്പീല്‍ കോടതി തള്ളി. കേസില്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 5000 ദിര്‍ഹം പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും. അനുവദീനയമായതില്‍ കൂടുതല്‍ ഭക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് ഇയാള്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയത്.

ജയിലില്‍ ഭക്ഷണം എത്തിക്കുന്നതിന് ദുബായ് ജയില്‍ വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ട കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രതി. അധിക ഭക്ഷണം നല്‍കുന്നതിനായി 110 ദിര്‍ഹത്തിന്റെ ഫോണ്‍ റീചാര്‍ജ് കാര്‍ഡാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. മൊബൈല്‍ റീചാര്‍ജ് കാര്‍ഡുകള്‍ കൈക്കൂലിയായി വാങ്ങി ഇയാള്‍ അധിക ഭക്ഷണം തടവുകാര്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉദ്ദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 20 ദിവസത്തോളം ഇയാളെ നിരീക്ഷിച്ചു. 

നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാളെ കുടുക്കാനായി ഒരു തടവുകാരനെ അധികൃതര്‍ നിയോഗിക്കുകയായിരുന്നു. തനിക്ക് അധിക ഭക്ഷണം വേണമെന്നും പകരം 100 ദിര്‍ഹം നല്‍കാമെന്നും ഈ തടവുകാരന്‍ യുവാവിനെ അറിയിച്ചു. ഇയാള്‍ ഇത് സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം ജയില്‍ വകുപ്പിലെ ഉന്നത ഉദ്ദ്യോഗസ്ഥരെ അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം അടയാളപ്പെടുത്തിയ 110 ദിര്‍ഹത്തിന്റെ റീചാര്‍ജ് കാര്‍ഡ് ഈ തടവുകാരന് അധികൃതര്‍ നല്‍കി. പിറ്റേദിവസം ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സമയത്ത് അധികമായി ഭക്ഷണം തടവുകാരന് നല്‍കുകയും പകരം റീചാര്‍ജ് കാര്‍ഡ് വാങ്ങുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പരിശോധന നടത്തി അടയാളപ്പെടുത്തിയ കാര്‍ഡ് തന്നെയാണ് ഇയാള്‍ കൈപ്പറ്റിയതെന്ന് ഉറപ്പാക്കുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ ശിക്ഷ വിധിച്ചതോടെ കുറ്റം നിഷേധിച്ചുകൊണ്ട് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ തടവുകാരനില്‍ നിന്ന് റീചാര്‍ജ് കാര്‍ഡ് വാങ്ങിയെങ്കിലും അത് കൈക്കൂലിയായിട്ടായിരുന്നില്ലെന്നാണ് കോടതിയില്‍ വാദിച്ചത്.  ഇത് അപ്പീല്‍ കോടതി അംഗീകരിച്ചില്ല. 

Follow Us:
Download App:
  • android
  • ios