ദുബായ്: താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയെന്നാരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും തുടര്‍ന്ന് ഇയാളെ നാടുകടത്താനുമാണ് ദുബായ് ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. അതേസമയം കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല സുഹൃത്തിനെ മര്‍ദിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.

അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സോണിലെ തൊഴിലാളികളുടെ താമസ സ്ഥലത്തായിരുന്നു സംഭവം. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയതിനാണ് പ്രതി മര്‍ദിച്ചത്. സുഹൃത്തിനെ മര്‍ദിച്ചുവെന്ന് പ്രതി സമ്മതിച്ചുവെങ്കിലും ഇത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലായിരുന്നുവെന്ന് കോടതിയില്‍ അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് സുഹൃത്ത് മരിച്ച വിവരം അറിഞ്ഞത്. മുറിക്ക് പുറത്ത് മൃതദേഹം കണ്ട മറ്റ് തൊഴിലാളികള്‍ പൊലീസിനെ വിളിക്കാന്‍ തുടങ്ങിയതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. ഇയാള്‍ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.