Asianet News MalayalamAsianet News Malayalam

ദുബായില്‍ പൊലീസിനോട് നുണ പറഞ്ഞ് റിപ്പോര്‍ട്ട് വാങ്ങിയ വിദേശി കുടുങ്ങി

പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തിയപ്പോള്‍ തന്റെ ഭാഗത്ത് പിഴവില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ ഉദ്യോഗസ്ഥരോട് കളവ് പറഞ്ഞു. ഇതനുസരിച്ച് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ട് ഉപയോഗിച്ച് കാറിന്റെ അറ്റകുറ്റപ്പണികളും നടത്തി.  

Man lies to Dubai cops about accident
Author
Dubai - United Arab Emirates, First Published Mar 8, 2019, 12:52 PM IST

ദുബായ്: പൊലീസിനോട് കളവ് പറഞ്ഞ് തെറ്റായ റിപ്പോര്‍ട്ട് വാങ്ങിയ പാകിസ്ഥാനി പൗരനെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് പൊലീസിന് തെറ്റായി വിവരം നല്‍കുകയും പൊലീസ് റിപ്പോര്‍ട്ട് ഉപയോഗിച്ച് ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

41കാരനായ പാകിസ്ഥാനി പൗരനാണ് പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ റോഡില്‍ അശ്രദ്ധമായി പിന്നിലേക്ക് എടുത്തപ്പോള്‍ റോഡിലൂടെ വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. 38കാരനായ സൈനികനായിരുന്നു കാറോടിച്ചിരുന്നത് അപകടത്തില്‍ പെട്ട മറ്റേ വാഹനം ഓടിച്ചിരുന്നത്. പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തിയപ്പോള്‍ തന്റെ ഭാഗത്ത് പിഴവില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ ഉദ്യോഗസ്ഥരോട് കളവ് പറഞ്ഞു. ഇതനുസരിച്ച് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ട് ഉപയോഗിച്ച് കാറിന്റെ അറ്റകുറ്റപ്പണികളും നടത്തി.  500 ദിര്‍ഹമാണ് ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചത്.

എന്നാല്‍ അപകടത്തില്‍ പെട്ട വാഹനം ഓടിച്ചിരുന്ന സൈനികന്‍ തന്റെ ഭാഗത്തുള്ള പിഴവ് കാരണമല്ല അപകടമുണ്ടായതെന്ന് തെളിയിക്കാന്‍ പിന്നീട് നടത്തിയ നീക്കങ്ങളാണ് പാകിസ്ഥാന്‍ പൗരനെ കുടുക്കിയത്. തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ആദ്യം അനുവദിച്ചില്ല. എന്നാല്‍ 20 ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ഈ ദൃശ്യങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പാകിസ്ഥാന്‍ പൗരനാണ് റോഡില്‍ അപകടമുണ്ടാക്കിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഇതോടെ നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട് റദ്ദാക്കി പൊലീസ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കി. സൈനികന്‍ ഇത് ഇന്‍ഷുറന്‍സ് കമ്പനിയിലും ഹാജരാക്കി. പൊലീസിനോട് കളവ് പറഞ്ഞ് വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ പാകിസ്ഥാനിക്കെതിരെ അന്വേഷണ തുടങ്ങി. തനിക്ക് പിഴ ലഭിക്കുമെന്ന് ഭയന്നാണ് കളവ് പറഞ്ഞതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 17ന് കോടതി വിധി പറയും.

Follow Us:
Download App:
  • android
  • ios