ഹൈദരാബാദിനും ഗുജറാത്തിനുമെന്നപോലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സരഫലം ചെന്നൈക്കും നിര്‍ണായകമാണ്.
അഹമ്മദാബാദ്: ഐപിഎല്ലിൽ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ പോരാട്ടത്തിനിറങ്ങും. അഹമ്മദാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പതിനൊന്ന് കളിയിൽ 14 പോയിന്‍റ് വീതമുളള്ള സണ്‍റൈസേഴ്സ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ബര്‍ത്ത് ഏതാണ്ടുറപ്പിക്കാം.

തോല്‍ക്കുന്നവര്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള ടീമുകളുടെ വെല്ലുവിളി മറികടന്നാലെ പ്ലേ ഓഫിലെത്താനാവു. ഹൈദരാബാദിനും ഗുജറാത്തിനുമെന്നപോലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സരഫലം ചെന്നൈക്കും നിര്‍ണായകമാണ്. വെറും ജയത്തേക്കാളുപരി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക എന്നതും ഇരു ടീമുകളുടെയും ലക്ഷ്യമാകും.
ഇരുടീമിനും ടോപ് ഓർഡർ ബാറ്റർമാരുടെ പ്രകടനം ഒരുപോലെ നിർണായകമാണ്. തുടർച്ചയായി നാല് കളിയിൽ ജയിച്ചാണ് ശുഭ്മൻ ഗില്ലും സംഘവും അഹമ്മദാബാദില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ഹൈദരാബാദ് ആകട്ടെ അവസാന ഏഴ് കളിയിൽ ആറിലും ജയിച്ചു. ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ എന്നിവരിലാണ് ഗുജറാത്തിന്‍റെ ബാറ്റിംഗ് പ്രതീക്ഷ.
തുടക്കം നന്നായാലും മധ്യനിരയുടെ മെല്ലെപ്പോക്ക് പ്രതിസന്ധിയാണ്0. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ പേസ് ജോഡിക്കൊപ്പം സ്പിന്നർ റാഷിദ് ഖാൻ കൂടി ഫോമിലേക്ക് എത്തിയത് ടൈറ്റൻസിന് വലിയ ആശ്വാസമാണ്.ഗുജറാത്തിനെപ്പോലെ ബാറ്റിംഗ് നിരയുടെ കരുത്തിലാണ് ഹൈദരാബാദിന്‍റെയും മുന്നേറ്റം. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവർ ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളി. ഇവരിൽ രണ്ടുപേർ ക്രീസിലുറച്ചാൽ ഹൈദരാബാദിന്‍റെ സ്കോർ ബോർഡ് കുതിക്കും.
ഹൈദരാബാദ് ഇക്കുറി 200 റൺസിലേറെ നേടിയത് എട്ടുതവണ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരിക്ക് മാറിയെത്തിയതോടെ ബൗളിംഗ് നിരയും ശക്തം. നേർക്കുനേർ കണക്കിൽ ഗുജറാത്തിന് വ്യക്തമായ മേധാവിത്തം. നേരിട്ട ആറ് കളിയിൽ അഞ്ചിലും ഗുജറാത്തായിരുന്നു ജയിച്ചത്.
