സ്വന്തം അമ്മയെ കഴുത്തുറുത്ത് കൊന്ന് യുവാവ്. പിടിയിലായത് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മകൾ പരിക്കേറ്റ അമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: കുവൈത്തിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സാദ് അൽ-അബ്ദുല്ലയിലാണ് സംഭവം. കുവൈത്ത് സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന ഈ കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മകൾ പരിക്കേറ്റ അമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ തന്നെയാണ് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ പ്രതിയുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട കത്തി പൊലീസ് കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്യലിനായി പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസ് കൂടുതൽ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രാദേശിക സമൂഹത്തെ ഞെട്ടിച്ച ഈ ക്രൂരമായ കൊലപാതകത്തിന്‍റെ കാരണം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതി ലഹരി കേസില്‍ മുമ്പ് ഉൾപ്പെട്ടിട്ടുള്ളയാളാണ്.