കുവൈത്ത് സിറ്റി: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത ശേഷം വഞ്ചിച്ചെന്ന് കുവൈത്ത് യുവതിയുടെ പരാതി. അദായിലിയ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇറ്റലിയില്‍ നിന്നുള്ള കച്ചവടവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ നടത്തിപ്പില്‍ പങ്കാളിയാക്കാം എന്ന വാഗ്ദാനം നല്‍കി  21,000 ദിനാര്‍ ഇയാള്‍ കൈപ്പറ്റിയെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പണം നല്‍കിയ ശേഷം ബിസിനസ് കാര്യങ്ങളെക്കുറിച്ച് പിന്നീട് ഇയാള്‍ സംസാരിച്ചിട്ടില്ലെന്നും ഇതില്‍ നിന്നുള്ള വരുമാനം ലഭിക്കാനായി കുറച്ചുനാള്‍ കാത്തിരിന്നെന്നും യുവതി പറഞ്ഞു. ഇതേപ്പറ്റി ചോദിക്കുമ്പോള്‍ യുവാവ് പലതവണ ഒഴിഞ്ഞുമാറി. പിന്നീട് ഇയാള്‍ 3,000 ദിനാര്‍ യുവതിക്ക് മടക്കി നല്‍കി. വാങ്ങിയ പണത്തിന്റെ ബാക്കി ഉടന്‍ തരുമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ വളരെ കാലത്തിന് ശേഷവും ഇയാള്‍ പണം നല്‍കിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. യുവാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.