റിയാദ്: നവംബർ 11ന് റിയാദ് സീസണിന്‍റെ ഭാഗമായി മലസ് കിങ് അബ്ദുല്ല പാർക്കിൽ നൃത്തവേദിയിൽ കത്തിവീശി അക്രണം നടത്തിയ പ്രതിക്ക് സൗദി അറേബ്യൻ കോടതി വധശിക്ഷ വിധിച്ചു. സ്പാനിഷ് നൃത്ത സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറിയ യമനി യുവാവ് കത്തി കൊണ്ട് അക്രമിക്കുകയായിരുന്നു.

നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. 31 വയസുകാരനായ പ്രതിയെ വേദിയില്‍ വെച്ച് തന്നെ കീഴടക്കിയിരുന്നു. അന്വേഷണത്തില്‍ പ്രതിക്ക് അല്‍ഖാഇദ എന്ന ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. യമനിലെ നേതാവില്‍ നിന്നാണ് ആക്രമണത്തിന് നിര്‍ദേശം ലഭിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പ്രതിക്ക് റിയാദ് ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഇയാളുടെ കൂട്ടാളിക്ക് പന്ത്രണ്ടര വര്‍ഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. രാജ്യത്തെ വിനോദ പരിപാടികള്‍ തടസ്സപ്പെടുത്തുകയും വിനോദത്തിനെത്തിയവരെ പേടിപ്പിക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോടതി വിലയിരുത്തി.