ദുബായ്: ദുബായിലെ ഷോപ്പിങ് മാളില്‍വെച്ച് 15 വയസുകാരിയോട് അപരമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന്‍ പിടിയില്‍. സംഭവത്തില്‍ ദുബായ് കോടതിയില്‍ നടപടി തുടങ്ങി.

ഷോപ്പിങ് മാളില്‍ അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങാനെത്തിയ പെണ്‍കുട്ടിയോടായിരുന്നു 31 കാരനായ ഇന്ത്യക്കാരന്റെ മോശം പെരുമാറ്റം.  അമ്മ ജീവനക്കാരോട് സംസാരിച്ചുകൊണ്ടുനില്‍ക്കവെ ഇയാള്‍ പെണ്‍കുട്ടിയെ ഷോപ്പിന്റെ ഒരു വശത്തേക്ക് പിടിച്ചുമാറ്റി നിര്‍ത്തിയ ശേഷം വസ്ത്രം ഇട്ടുകൊടുക്കുകയായിരുന്നു. വസ്ത്രത്തിലെ ബട്ടനുകള്‍ ഇടാന്‍ സഹായിക്കാനെന്ന പേരില്‍ ശരീരത്തില്‍ പലതവണ അപമര്യാദയായി സ്പര്‍ശിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന് ശേഷവും ശരീരത്തില്‍ പലതവണ അപമര്യാദയായി സ്പര്‍ശിച്ചു. പെണ്‍കുട്ടി അമ്മയെ വിവരം അറിയിക്കുകയും അമ്മ പൊലീസിനെ വിളിക്കുകയും ചെയ്തു.

പെണ്‍കുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പരമ്പരാഗത അറബി രീതിയിലുള്ള വസ്ത്രം ധരിക്കാന്‍ സഹായിച്ചുവെന്നും ഇതിനിടയില്‍ ശരീരത്തില്‍ സപര്‍ശിച്ചുവെന്നും ഇയാള്‍ പറഞ്ഞു. ഉപഭോക്താക്കളെ വസ്ത്രം ധരിക്കാന്‍ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടയാളായിരുന്നില്ല താനെന്നും ഇയാള്‍ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ തിരക്കിലായിരുന്നത് കൊണ്ട് താന്‍ സഹായിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. കേസില്‍ ഫെബ്രുവരി 28ന് കോടതി വിധി പറയും.