റിയാദ്: റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെ നര്‍ത്തകരെ ആക്രമിച്ച യെമനി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സംഗീത സംഘത്തിലെ അംഗങ്ങളെയും സെക്യൂരിറ്റി ജീവനക്കാരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച ഇമാദ് അബ്ദുല്‍ഖവി അല്‍മന്‍സൂരിയുടെ വധശിക്ഷ റിയാദില്‍ നടപ്പാക്കിയതായിആഭ്യന്തര മന്ത്രാലയം അറിയിച്ചു.  

മലസിലെ കിങ് അബ്ദുല്ല പാര്‍‌ക്കിലായിരുന്നു സംഭവം. വേദിയിൽ നൃത്തപരിപാടി നടക്കുന്നതിനിടെ അതിനിടയിലേക്ക് ഓടിക്കയറിയ യുവാവ് കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. നൃത്തം നടക്കുന്നതും അതിനിടയിലേക്ക് യുവാവ് ഓടിവരുന്നതും കത്തിവീശി ആക്രമിക്കുന്നതും ആ ബഹളത്തിനിടയിൽ നിലത്തേക്ക് അക്രമി തെറിച്ചുവീഴുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു യുവതിയ്ക്കും മൂന്നു പുരുഷന്‍മാര്‍ക്കുമാണ് ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. 

അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയുമായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അനുമതി കൂടി ലഭിച്ചതോടെയാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ആഭ്യന്ത മന്ത്രാലയം അറിയിച്ചു.