വീണ്ടും ഭക്ഷണമുണ്ടാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെന്നും താമസസ്ഥലത്തിന് വെളിയില്‍ കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയതായും പ്രതി പറഞ്ഞു. 

മനാമ: ഭക്ഷണം പാകം ചെയ്തത് ഇഷ്ടമായില്ലെന്ന് പരാതി പറഞ്ഞ സഹതാമസക്കാരനെ ബഹ്‌റൈനില്‍ പ്രവാസി കുത്തിക്കൊലപ്പെടുത്തി. പ്രതിയായ ഇന്ത്യക്കാരന്‍ പാകം ചെയ്ത ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞതും കുറച്ച് ഭക്ഷണം മാത്രം ഉണ്ടാക്കിയത് ചോദ്യം ചെയ്തതുമാണ് യുവാവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്.

സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് ഓഗസ്റ്റ് 24നാണ് സംഭവമുണ്ടായത്. ഓഗസ്റ്റ് 23ന് രാത്രി എട്ടുമണിക്ക് താനുണ്ടാക്കിയ ഭക്ഷണം കുറഞ്ഞുപോയെന്നും നല്ലതല്ലെന്നും സഹതാമസക്കാരനായ 23കാരന്‍ പരാതി പറഞ്ഞു. വീണ്ടും ഭക്ഷണമുണ്ടാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെന്നും താമസസ്ഥലത്തിന് വെളിയില്‍ കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയതായും പ്രതിയായ 32കാരന്‍ പറഞ്ഞു. 

രൂക്ഷമായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പിറ്റേ ദിവസം പ്രതി സഹതാമസക്കാരനെ കൊലപ്പെടുത്താന്‍ പോക്കറ്റില്‍ കത്തിയുമായാണ് എത്തിയത്. തന്റെ പാചകത്തെ പരിഹസിച്ചതില്‍ ദേഷ്യം തോന്നിയ പ്രതി ആ സമയം മൂന്ന് സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയായിരുന്ന സഹതാമസക്കാരനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് തന്നെ ആക്രമിച്ചതോടെയാണ് സഹതാമസക്കാരന്റെ നെഞ്ചില്‍ കുത്തിയതെന്ന് പ്രതി കൂട്ടിച്ചേര്‍ത്തു. കുറ്റം സമ്മതിച്ച പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല കൃത്യം നടത്തിയതെന്ന് ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞു. 

കൃത്യം നടത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിനുള്ളില്‍ വെച്ചാണ് പൊലീസിന്റെ പിടിയിലായത്. സംഭവം നടന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാള്‍ അറസ്റ്റിലായി. കേസില്‍ വിചാരണ തുടരുന്നത് ഞായറാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.