തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ജോലി സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ബസാണ് മോഷ്‍ടിച്ചത്. ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ നേരത്തെ ഡ്രൈവറായിരുന്ന പ്രതിക്ക് പിന്നീട് സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം കിട്ടുകയായിരുന്നു. 

ദുബൈ: ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസ്‍ മോഷ്‍ടിച്ച് വിറ്റയാളിനെതിരെ ദുബൈ കോടതിയില്‍ നടപടി തുടങ്ങി. ഒരു ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തിരുന്നയാളാണ് കേസില്‍ പിടിയിലായത്. 13,000 ദിര്‍ഹത്തിനാണ് ഇയാള്‍ ബസ് വിറ്റതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ജോലി സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ബസാണ് മോഷ്‍ടിച്ചത്. ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ നേരത്തെ ഡ്രൈവറായിരുന്ന പ്രതിക്ക് പിന്നീട് സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം കിട്ടുകയായിരുന്നു. വാഹനങ്ങളുടെ താക്കോല്‍ അടക്കമുള്ളവ ഇയാളുടെ പക്കലായിരുന്നു. ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് വാരാന്ത്യങ്ങളില്‍ ആരും ഉണ്ടായിരിക്കില്ലെന്നത് മനസിലാക്കിയാണ് മോഷണം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.

അടുത്ത ദിവസം ഡ്രൈവര്‍ വാഹനം എടുക്കാനെത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് സൂപ്പര്‍വൈസര്‍ കൂടിയായ പ്രതിയെ വിളിച്ചു. എന്നാല്‍ പൊലീസിനെ വിവരമറിയിക്കാനായിരുന്നു നിര്‍ദേശം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, സൂപ്പര്‍വൈസറാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു.