റെസ്റ്റോറന്‍റിലെ ശുചിമുറിയിൽ നിന്ന് ലക്ഷങ്ങള്‍ വിലമതിപ്പുള്ള റോളക്സ് വാച്ച് മോഷ്ടിച്ച് യുവാവ്. എന്നാല്‍ പിന്നീട് റെസ്റ്റോറന്‍റിലെത്തി അത് തിരികെ നല്‍കുകയും ചെയ്തു. അപ്രതീക്ഷിതമായ ട്വിസ്റ്റാണ് സംഭവിച്ചിത്. 

കുവൈത്ത് സിറ്റി: റെസ്റ്റോറന്‍റിലെ ശുചിമുറിയില്‍ നിന്ന് വിലയേറിയ റോളക്സ് വാച്ച് മോഷ്ടിച്ചു, എന്നാൽ അപ്രതീക്ഷിതമായുണ്ടായ ട്വിസ്റ്റിൽ വാച്ച് ഉടമസ്ഥന് തിരികെ നല്‍കി യുവാവ്. ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കീഴിലുള്ള അൽ-നുഗ്രാ ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിച്ചിരുന്ന കേസിലാണ് ട്വിസ്റ്റ്. റെസ്റ്റോറന്‍റിലെ ശുചിമുറിയിൽ നിന്ന് റോളക്സ് വാച്ച് മോഷ്ടിച്ചയാൾ, അത് വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് തിരികെ നല്‍കിയത്.

അൽ-നുഗ്രയിലെ പ്രശസ്തമായ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിലെത്തിയ ഒരു ഉപഭോക്താവ് ഏകദേശം 4,800 കുവൈത്ത് ദിനാർ വിലമതിക്കുന്ന തന്‍റെ റോളക്സ് വാച്ച് അബദ്ധത്തിൽ ശുചിമുറിയിൽ മറന്നുവെച്ചതായി റിപ്പോര്‍ട്ട് ചെയ്ത വിവരം ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ പിന്നീട് ഒരാൾ റെസ്റ്റോറന്‍റിലെത്തി വാച്ച് ബ്രാഞ്ച് മാനേജർക്ക് കൈമാറുകയും ചെയ്തു. മോഷണം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ മാനേജർ അയാളോട് നിർദ്ദേശിച്ചു. തുടർന്ന് ആ വ്യക്തി ഇവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. റെസ്റ്റോറന്‍റ് അധികൃകതര്‍ ഈ വിവരം അധികൃതരെ അറിയിച്ചു. ഇതിനെ തുടർന്ന് ഡിറ്റക്ടീവുകൾ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെയാണ് വാച്ച് തിരികെ നല്‍കിയ അറബ് പ്രവാസിയാണ് മോഷണം നടത്തിയതെന്നും വ്യക്തമായി.

അധികൃതര്‍ വിളിച്ചപ്പോള്‍ പ്രതി സ്വമേധയാ കീഴടങ്ങി. സംഭവസ്ഥലത്ത് നിന്നുള്ള ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ വെച്ച് ചോദ്യം ചെയ്തപ്പോൾ, വാച്ച് എടുത്തതായി അയാൾ സമ്മതിച്ചു. വിൽക്കാൻ ശ്രമിച്ചതായും അയാൾ പറഞ്ഞു. റോളക്സ് വാച്ച് ആയതിനാല്‍ ആധികാരികത ഉറപ്പാക്കാൻ വാറന്‍റി കാർഡുകളും അനുബന്ധ ഉപകരണങ്ങളും ആവശ്യമായി വന്നതോടെ അത് വിൽക്കാൻ കഴിയില്ലെന്ന് ഇയാൾക്ക് മനസ്സിലായി. തുടർന്നാണ് വാച്ച് തിരികെ നൽകാൻ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. കൂടുതൽ നിയമ നടപടികൾ ആവശ്യമാണോ എന്ന് നിശ്ചയിക്കാൻ അന്വേഷണം തുടരുകയാണ്.