അബുദാബി: ഓൺലൈൻ വീഡിയോ ​ഗെയിമായ പബ്‍ജി കളിക്കാൻ തന്നെ അനുവദിച്ചില്ലെന്നാരോപിച്ച് നവവധു വിവാഹമോചനത്തിനൊരുങ്ങുന്നു. തനിക്ക് സന്തോഷവും സമാധാനവും നൽകുന്ന ​ഗെയിം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്ന ഭർത്താവിനെ ആവശ്യമില്ലെന്ന് കാണിച്ചാണ് ഇരുപതുകാരി വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 

ഓൺലൈൻ ​ഗെയിമുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഏറ്റവും വിചിത്രമായ പരാതികളിൽ ഒന്നാണിതെന്ന് കേസ് കൈകാര്യം ചെയ്യുന്ന അജ്മൽ പൊലീസിലെ സോഷ്യൽ സെന്റർ ഡയറക്ടർ, ക്യാപ്റ്റൻ വാഫാ ഖലീൽ പറഞ്ഞു. ​ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും ഭർത്താവും തമ്മിൽ തർക്കത്തിലായി. തുടർന്ന് സഹായമഭ്യർത്ഥിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു‌. 

ഇത് സഹിക്കാവുന്നതിനും അപ്പുറമാണ്. ​ഗെയിമിനിടയിൽ ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ താൻ ആക്റ്റിവേറ്റ് ചെയ്തിട്ടില്ല. തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മാത്രമേ താൻ പബ്ജി കളിക്കാറുള്ളു. പുറത്തുനിന്നുള്ള ആരുമായും ഇതുവരെ ​ഗെയിം കളിച്ചിട്ടില്ലെന്നും യുവതി പരാതിയിൽ പറയുന്നു. 

എന്നാൽ ഭാ​ര്യ പബ്ജി ​ഗെയിമിന് അടിമയാകുമോ എന്ന പേടി കാരണമാണ് ഗെയിം കളിക്കുന്നതിൽ നിന്നും ഭാര്യയെ താൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നാണ് ഭർത്താവിന്റെ വാദം. ​​അവളുടെ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ ഭാ​ഗമായിട്ടല്ല താൻ ഗെയിം കളിക്കുന്നതിൽ നിന്നും അവളെ വിലക്കിയതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. കുടുംബ ജീവിതം സു​ഗമമാക്കുന്നതിന് വേണ്ടിയാണ് ഭാര്യയെ ​ഗെയിം കളിക്കാൻ അനുവദിക്കാതിരുന്നത്. എന്നാൽ കാര്യങ്ങൾ വിവാഹമോചനം വരെയെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.