ഖോര്‍ഫക്കാനിലെ വില്ലയില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിത്തം. വിവരം ലഭിച്ച ഉടന്‍ തന്നെ ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ടീമുകൾ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കി.

ഖോർഫക്കാൻ: യുഎഇയിലെ ഷാർജയിലെ ഖോര്‍ഫക്കാനില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിത്തം. ഖോര്‍ഫക്കാനിലെ ഒരു വില്ലയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ടീമുകൾ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കി.

തീപിടിത്തത്തിൽ 52 വയസ്സുള്ള ഒരു സ്വദേശി പൗരന് പൊള്ളലേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറ് മണിക്ക് കുടുംബാംഗങ്ങളിലൊരാളിൽ നിന്നാണ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ഉടൻ തന്നെ പ്രത്യേക സംഘങ്ങളെയും ആംബുലൻസിനെയും അപകടസ്ഥലത്തേക്ക് അയച്ചതായി കിഴക്കൻ മേഖലയിലെ പൊലീസ് വിഭാഗം ഡയറക്ടർ കേണൽ വാലിദ് യമാഹി പറഞ്ഞു.

ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിൻറെ ആന്തരിക അഴുക്കുചാൽ ശൃംഖലകളിൽ നിന്ന് പുറന്തള്ളുന്ന വാതകങ്ങളുടെ പരിമിതമായ ഗ്യാസ് ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി അഴുക്കുചാലുകളുടെ സുരക്ഷയും ശുചിത്വവും കൃത്യമായി ഉറപ്പാക്കണമെന്നും, തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും, വിദഗ്ധ അധികൃതരെ കൊണ്ട് അവ കൃത്യമായി പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്നും കിഴക്കൻ മേഖലയിലെ പൊലീസ് വിഭാഗം ഡയറക്ടർ സമൂഹത്തോട് അഭ്യർഥിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൻ്റെ പ്രാധാന്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.