ദുബായിലെ അൽ ബർഷയിൽ ഉണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാൻ സിവിൽ ഡിഫൻസ് 'ഷഹീൻ ഡ്രോണുകൾ' ഉപയോഗിച്ചു. രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദവും സുരക്ഷിതവുമാക്കുന്നു.
ദുബായ്: അൽ ബർഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് ദുബായ് സിവിൽ ഡിഫൻസ്. തീ അണയ്ക്കുന്നതിനായി 'ഷഹീൻ ഡ്രോണുകൾ' ആണ് സിവിൽ ഡിഫൻസ് വിന്യസിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിലെ തീപ്പിടിത്തം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റമാണിത്.
200 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളിൽ തീ അണയ്ക്കാൻ കഴിയുന്നവയാണ് ഈ ഡ്രോണുകൾ. 1200 ലിറ്റർ ശേഷിയുള്ള ടാങ്ക് ഇതിനോട് ബന്ധിപ്പിക്കാനാവും. തീ അണയ്ക്കുന്നതിനുള്ള വെള്ളമോ, ഫോമോ ഉപയോഗിച്ച് ഈ ഡ്രോണുകൾക്ക് തീ അണയ്ക്കാൻ കഴിയും. തീ അണയ്ക്കുന്നതിനുള്ള വെള്ളമോ, അല്ലെങ്കിൽ ഫോമോ ഉപയോഗിച്ച് അതിവേഗത്തിൽ ആകാശത്തുനിന്നുള്ള പിന്തുണ നൽകാൻ ഷഹീൻ ഡ്രോണുകൾക്ക് കഴിയും.
ഈ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, ഉയർന്ന കെട്ടിടങ്ങളിലെ അപകടകരമായ തീപ്പിടിത്തങ്ങൾ കൂടുതൽ ഫലപ്രദമായി നേരിടാൻ സിവിൽ ഡിഫൻസിനെ സഹായിക്കുന്നു. ഇത് രക്ഷാപ്രവർത്തകർക്ക് ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകളും കുറയ്ക്കുന്നു.


