മാമ്പഴ വിൽപനയിൽ റെക്കോഡുകൾ കുറിച്ച് സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴമേള. മേളയുടെ ആദ്യ ഏഴു ദിനങ്ങളിൽ എത്തിയത് 72,000ത്തോളം സന്ദർശകരാണ്. ഇതിനകം വിറ്റഴിഞ്ഞത് 74,700 കിലോയിലധികം മാമ്പഴങ്ങളാണ്.
ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴമേളയായ അൽ ഹംബ ഫെസ്റ്റ് പൊടിപൊടിക്കുന്നു. സന്ദർശകരുടെ എണ്ണത്തിലും മാമ്പഴ വിൽപനയിലും റെക്കോഡുകൾ കുറിച്ചുകൊണ്ടാണ് മാമ്പഴമേള പുരോഗമിക്കുന്നത്. മേളയുടെ ആദ്യ ഏഴു ദിനങ്ങളിൽ എത്തിയത് 72,000ത്തോളം സന്ദർശകരാണ്. ഇതിനകം വിറ്റഴിഞ്ഞത് 74,700 കിലോയിലധികം മാമ്പഴങ്ങളാണെന്ന് സൂഖ് വാഖിഫ് അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയും സൂഖ് വാഖിഫും നേതൃത്വം നൽകുന്ന പത്തു ദിവസത്തെ മാമ്പഴമേള ജൂൺ 21 ന് ശനിയാഴ്ച അവസാനിക്കും.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്ത 55ഓളം ഇനം മാമ്പഴങ്ങളാണ് മേളയുടെ രണ്ടാം പതിപ്പിൽ പ്രദർശനത്തിനുള്ളത്. അൽഫോൺസോ, മൽഗോവ, ദുഷേരി, ലംഗ്ദ, കേസർ, ഹാപസ്, നീലം, രാജ്പുരി, ബദാമി തുടങ്ങി വ്യത്യസ്തവും വൈവിധ്യമാർന്ന രുചികളുമുള്ള വിവിധ മാമ്പഴ ഇനങ്ങൾക്ക് പുറമെ, മാങ്ങ കൊണ്ടുള്ള അനുബന്ധ ഉൽപന്നങ്ങളും മേളയുടെ ആകർഷണമാണ്. ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാകിയും സൂഖിലെ മേളയിൽ വിൽപനക്കുണ്ട്. 95ഓളം സ്റ്റാളുകളിലായി ഖത്തറിലെ ഇന്ത്യൻ മാമ്പഴ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, റസ്റ്റാറന്റ്, കഫേ എന്നിവയുമുണ്ട്. 38 ഓളം ഇന്ത്യൻ കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഖത്തർ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കിയ ശേഷമാണ് മാമ്പഴങ്ങൾ വിൽപനക്കെത്തുന്നത്.
മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികളേക്കാൾ മാമ്പഴം തേടി സ്വദേശികളും, വിവിധ രാജ്യക്കാരായ അറബികളുമാണ് ഇത്തവണ മേളയിലെത്തുന്നത്. ചൊവ്വാഴ്ച രാത്രി 9,000ത്തിൽ അധികവും ബുധനാഴ്ച 10,000ത്തിലേറെ പേരുമാണ് മേളയിലെത്തിയത്. അവസാന രണ്ട് ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. വരാന്ത്യ അവധി ദിനമായതിനാൽ വെള്ളിയാഴ്ച വൻ തിരക്ക് അനുഭവപ്പെട്ടേക്കാം. വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പതു വരെയാണ് മേളയിലേക്കുള്ള പ്രവേശനം. വെള്ളിയാഴ്ച രാത്രി 10 വരെ തുടരും.
