Asianet News MalayalamAsianet News Malayalam

ഗള്‍ഫില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; അവധിക്കാലത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ യാത്ര മുടങ്ങും

പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കുകയും ചെയ്തു. ഈ വിമാനത്തില്‍ തിരികെ വരേണ്ടിയിരുന്ന യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. 

many flights from gulf countries cancelled due to airport shut down
Author
Abu Dhabi - United Arab Emirates, First Published Aug 9, 2019, 10:55 AM IST

അബുദാബി: കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ഗള്‍ഫിലെ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കാലവര്‍ഷക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ പലര്‍ക്കും ഉറ്റവരുടെ യാതൊരു വിവരവും ലഭിക്കുന്നുമില്ല.

റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ കൊച്ചി വിമാനത്താവളം അടയ്ക്കുന്നതായാണ് സിയാല്‍ ആദ്യം അറിയിച്ചിരുന്നത്. റണ്‍വേയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും മഴയുടെ ശക്തി കുറയാത്തതിനാല്‍ അത് ഫലം കണ്ടില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചു. രാവിലെയും വിമാനത്താവളം ഗതാഗത യോഗ്യമാവാത്തതിനാല്‍ പിന്നീട് ഞായറാഴ്ച വരെ അടച്ചിടുകയാണെന്ന അറിയിപ്പാണ് സിയാല്‍ നല്‍കിയത്. ഇതോടെ കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കുകയും ചെയ്തു. ഈ വിമാനത്തില്‍ തിരികെ വരേണ്ടിയിരുന്ന യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. "കൊച്ചിയില്‍ നിന്ന് എത്തേണ്ടിയിരുന്ന വിമാനം ഇതുവരെ എത്തിയിട്ടില്ല. ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന നിരവധി യാത്രക്കാര്‍ ചെക് ഇന്‍ ചെയ്തു കഴിഞ്ഞുിരുന്നു. സാഹചര്യം നേരിടാന്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുയാണ്" - എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അബുദാബിയില്‍ വ്യക്തമാക്കി.

ദുബായില്‍ നിന്നുള്ള ഫ്ലൈ ദുബായ് FZ 441, എമിറേറ്റ്സ് EK 532, സ്‍പൈസ് ജെറ്റ്, ഇന്റിഗോ 6E 068 എന്നീ വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനികള്‍ അറിയിച്ചു. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് EY 280, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ, എയര്‍ ഇന്ത്യ IX 412 എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios