കുവൈത്തിൽ വിവിധയിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്ന ക്രിമിനൽ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അൽ-സുലൈബിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് മുഖംമൂടി ധരിച്ച് കവർച്ച നടത്തിയിരുന്ന സംഘം പിടിയിലായത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്ന ക്രിമിനൽ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജഹ്‌റ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അൽ-സുലൈബിയ ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. അൽ-സുലൈബിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു ശാഖയുടെ ഗ്ലാസ് വാതിൽ തകർത്തു അകത്ത് കയറി പണം മോഷ്ടിച്ചെന്ന പരാതിയെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്.

സിസിടിവി ക്യാമറകളിൽപ്പെടുന്നത് ഒഴിവാക്കാൻ പ്രതി മുഖംമൂടി ധരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് സുരക്ഷാസേന വ്യാപക അന്വേഷണം നടത്തി. സാങ്കേതിക പരിശോധനകളും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെയും വിശകലനവും വഴി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും മോഷണ സമയത്ത് ഉപയോഗിച്ച മുഖംമൂടി അൽ-സുലൈബിയ പ്രദേശത്തെ ഒരു വീടിന്‍റെ മേൽക്കൂരയിൽ ഒളിപ്പിച്ചിരുന്നതായി വെളിപ്പെടുത്തുകയും ചെയ്തു.
ഇതേ രീതിയിൽ നടത്തിയ അഞ്ചു മറ്റു മോഷണക്കേസുകളിലും ഈ സംഘത്തിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രാലയം അറിയിച്ചു. പ്രതികളെ നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ പിന്തുടരുകയും രാജ്യത്തിന്റെ സുരക്ഷയും പൊതുസമ്പത്തും സംരക്ഷിക്കുകയും ചെയ്യാനുള്ള നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.


