പ്രത്യേകമായി ഇളവ് നല്‍കിയിട്ടില്ലാത്ത എല്ലാ സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നും കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് മാസ്‍കുകളെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അബുദാബി: കൊവിഡ് വ്യാപനം അതിവേഗം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്ന യുഎഇയില്‍ മാസ്‍ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും ഒരു വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും ഇനി മാസ്‍ക് ആവശ്യമില്ല. സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും പോകുമ്പോഴും ഇനി യുഎഇയില്‍ മാസ്‍ക് ഒഴിവാക്കാം.

മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ അറിയിപ്പ് ബുധനാഴ്‍ചയാണ് അധികൃതര്‍ പുറത്തിറക്കിയത്. അടഞ്ഞ സ്ഥലങ്ങളില്‍ ഒരു വ്യക്തി മാത്രമാണെങ്കിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. ഒപ്പം സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. മാസ്‍ക് നിര്‍ബന്ധമല്ലെന്ന് കാണിക്കുന്ന അറിയിപ്പുകള്‍ ഈ സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കും.

പ്രത്യേകമായി ഇളവ് നല്‍കിയിട്ടില്ലാത്ത എല്ലാ സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നും കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് മാസ്‍കുകളെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 18 മാസങ്ങള്‍ക്ക് മുമ്പാണ് യുഎഇയില്‍ മാസ്‍ക് നിര്‍ബന്ധമാക്കിയത്. യുഎഇയിലെ കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. ചൊവ്വാഴ്‍ച 322 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഒപ്പം 92 ശതമാനം പേര്‍ ഒരു ഡോസ് വാക്സിനും 81 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്.