ദുബായ്: ഇലക്ട്രിക് കേബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.6 ടണ്‍ ലഹരി മരുന്ന് ദുബായ് പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം പിടിച്ചെടുത്തു. ലോകത്തുതന്നെ ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ദുബായ് പൊലീസ് നടത്തിയതെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ഷാര്‍ജയില്‍ നിന്നും അജ്‍മാനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. 70കാരനായ ഒരാളായിരുന്നു ഇവരുടെ സംഘത്തലവനെന്നും ഇയാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താവ് കൂടിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ക്യാപ്റ്റഗണ്‍ ഗുളികളുടെ വിപണി മൂല്യം ഏകദേശം 180 കോടി ദിര്‍ഹം (3500 കോടിയിലധികം ഇന്ത്യന്‍ രൂപ) വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സിറിയയില്‍ നിന്നുമെത്തിയ ഇലക്ട്രിക് കേബിളുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ചത്. പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്ന പൊലീസ് ഇവ പിടികൂടുകയായിരുന്നു. പൊലീസ് നായയുടെ സഹായത്തോടെയാണ് വൻ ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചത്.  മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും നേരിടാന്‍ ദുബായ് പൊലീസ് സദാ സജ്ജമാണെന്ന് അറിയിച്ച പൊലീസ്, തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന സര്‍ക്കാറിനും ഭരണനേതൃത്വത്തിനും മറ്റ് സുരക്ഷാ വകുപ്പുകള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.