ഷാര്‍ജ: യുഎഇയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടി. ആറ് കോടിയിലധികം ദിര്‍ഹം വിലവരുന്ന 153 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്തു. 58 വിദേശികളെയാണ് പല സ്ഥലത്തുനിന്നായി പൊലീസ് സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ പൊലീസിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം 7/7 എന്ന് പേരിട്ട പ്രത്യേക ഓപ്പറേഷന് വിപുലമായ സന്നാഹമൊരുക്കുകയായിരുന്നു.

ലിക്വിഡ് ക്രിസ്റ്റല്‍ മെത്ത് അടക്കമുള്ള മയക്കുമരുന്നുകളാണ് പിടികൂടിയത്. രാജ്യത്തെ ഒരു തുറമുഖത്തും വിമാനത്താവളത്തിലും എത്തിയ മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സെരി അല്‍ ശംസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ എത്തിയ ഉടനെ സംഘത്തിലുള്ള ഒരാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. കടല്‍മാര്‍ഗം എത്തുന്ന സാധനങ്ങള്‍ സ്വീകരിക്കാനാണ് താന്‍ രാജ്യത്ത് എത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അയല്‍ രാജ്യത്ത് നിന്ന് മത്സ്യവുമായി എത്തുന്ന ബോക്സുകളിലൊന്നില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരവും ഇയാള്‍ നല്‍കി. ഇതിന് പുറമെ യുഎഇയില്‍ തന്നെ മയക്കുമരുന്ന് നിര്‍മാണം നടക്കുന്ന ഒരു വില്ലയുടെ വിശദാംശങ്ങളും ലഭിച്ചു. ഇവിടെ റെയ്ഡ് നടത്തിയാണ് നിരവധി വിദേശികളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഇവിടെ ലിക്വിഡ് ക്രിസ്റ്റല്‍ തയ്യാറാക്കുകയായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം സംഘത്തിലെ മറ്റുള്ളവരെയും പൊലീസ് പിടികൂടി. സംഘവുമായി ബന്ധമുള്ള ഏഴ് ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

ഓപ്പറേഷന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോയും പൊലീസ് പുറത്തുവിട്ടു.