ഷാര്‍ജ: അല്‍ വഹ്‍ദ സ്‍ട്രീറ്റിന് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ഷാര്‍ജ സിറ്റി സെന്ററിന് എതിര്‍വശത്തുള്ള ഉപയോഗശൂന്യമായ കെട്ടിടത്തിലായിരുന്നു തീപടര്‍ന്നത്. ആളപയാമോ പരിക്കുകളോ ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാനായി നിശ്ചയിച്ചിരുന്ന കെട്ടിടത്തിലായിരുന്നു തീപ്പിടുത്തം. പ്രദേശിക സമയം ഉച്ചയ്‍ക്ക് 12.45നാണ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഉടന്‍തന്നെ സംനാന്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. കെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള നിലയില്‍ നിന്ന് ശക്തമായ കാറ്റ് കാരണം മുകളിലെ നിലയിലേക്കും തീപടര്‍ന്നുപിടിച്ചു. 

കെട്ടിടത്തില്‍ നേരത്തെ താമസിച്ചിരുന്നവര്‍ ഉപേക്ഷിച്ചുപോയ ഫര്‍ണിച്ചറുകളിലാണ് ആദ്യം തീപ്പിടിച്ചത്. പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് പൂര്‍ണമായി അടച്ചു. മറ്റ് അപകടങ്ങള്‍ ഒഴിവാക്കാനായി സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം ഫോറന്‍സിക് പരിശോധനകള്‍ തുടരുകയാണ്.