അജ്‍മാന്‍: തിങ്കളാഴ്ച രാവിലെ അജ്‍മാനിലുണ്ടായ വന്‍തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുശൈരിഫിലെ ഒരു വീട്ടിലായിരുന്നു തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ അഗ്നിശമനസേന സ്ഥലത്തെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം, പരിസരത്തെ മറ്റ് വീടുകളിലേക്ക് തീപടരാതെ നിയന്ത്രിച്ചു. വീടുകളിലെ ഗുണനിലവാരമില്ലാത്ത വയറിങാണ് തീപിടുത്തത്തിന് പ്രധാന കാരണമാകാറുള്ളതെന്ന് അജ്‍മാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അലി ജുമൈറ അറിയിച്ചു. വീടുകളിലെ താമസക്കാര്‍ പൊതുവെ ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയുമില്ല. അപകടങ്ങള്‍ ഒഴിവാക്കാനായി വീടുകളില്‍ അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.