വിദഗ്ധ പരിശോധനകളും വിശകലനങ്ങളും നടത്തിയതോടെ മുഴ എത്രയും വേഗം നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഡോ. അല്‍ അവാദ് പറഞ്ഞു.
ജിദ്ദ: സൗദി അറേബ്യയില്‍ മധ്യവയസ്‌കയുടെ വയറ്റിനുള്ളില്‍ നിന്നും നീക്കം ചെയ്തത് ഏഴ് കിലോയിലധികം ഭാരമുള്ള മുഴ. ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സംഘമാണ് 50 വയസ്സുള്ള സ്ത്രീയുടെ വയറ്റില്‍ നിന്ന് വിജയകരമായി മുഴ നീക്കം ചെയ്തത്.
ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റും ഓങ്കോളജിസ്റ്റുമായ ഡോ. സാദ് അല്‍അവാദാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മുഴയുടെ സമ്മര്‍ദ്ദം മൂലം ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായിരുന്നു. തുടര്‍ന്ന് വിദഗ്ധ പരിശോധനകളും വിശകലനങ്ങളും നടത്തിയതോടെ മുഴ എത്രയും വേഗം നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഡോ. അല്‍ അവാദ് പറഞ്ഞു. വയറുവേദനയുമായാണ് രോഗി തന്നെ സമീപിച്ചതെന്നും പരിശോധനയില്‍ അടിവയറ്റിലെയും ഇടുപ്പിലെയും ആന്തരിക അവയവങ്ങളില്‍ ട്യൂമര്‍ വളര്‍ന്നുണ്ടായ മര്‍ദ്ദമാണ് കാരണമെന്ന് കണ്ടെത്തിയതായും ഡോക്ടര്‍ പറഞ്ഞു. ഏഴ് കിലോയും 385 ഗ്രാമും ഭാരമുള്ള മുഴയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയയില്‍ പങ്കെടുത്ത മെഡിക്കല്‍ സ്റ്റാഫിനെ അഭിനന്ദിക്കുന്നതായും ഡോ. അല്‍അവാദ് കൂട്ടിച്ചേര്‍ത്തു.
