ബാങ്കുകളെ അനുകരിച്ച് വ്യാജ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ പദ്ധതി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ടെലികമ്മ്യൂണിക്കേഷൻ ടവറുകളെയും ബാങ്കുകളെയും ലക്ഷ്യമാക്കി സൈബർ ആക്രമണം നടത്തിയ നൈജീരിയൻ പൗരന്മാരടങ്ങിയ അന്തർദേശീയ സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സുരക്ഷാ വിഭാഗം പിടികൂടി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഇലക്ട്രോണിക് ക്രൈം വിരുദ്ധ വിഭാഗമാണ് ഓപ്പറേഷൻ നടത്തിയത്. ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്തെ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ സൈബർ ആക്രമണത്തിനിരയായതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബാങ്കുകളെ അനുകരിച്ച് വ്യാജ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ പദ്ധതി.

സിഗ്നൽ ട്രാക്കിംഗ് ഉപകരണങ്ങളിലൂടെ സംശയാസ്പദമായ സിഗ്നലുകളുടെ ഉറവിടം സാൽമിയ പ്രദേശത്തുള്ള ഒരു വാഹനമാണെന്ന് കണ്ടെത്തി. സ്ഥലത്തെത്തിയ സുരക്ഷാസേന വാഹനം തടയാൻ ശ്രമിക്കുമ്പോൾ, ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുകയും നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. ശക്തമായ പ്രതിരോധത്തിന് ശേഷം ഇയാളെ പൊലീസ് പിടികൂടി. വാഹന പരിശോധനയിൽ ഹൈടെക് ഇലക്ട്രോണിക് ഉപകരണങ്ങളും സാങ്കേതിക ഉപകരണങ്ങളും കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത ഉപകരണങ്ങളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.