15  കിലോഗ്രാം മെറ്റല്‍ വസ്തുക്കള്‍ ഖത്തറിലേക്ക് കടത്തുകയും ഇവ മറ്റ് മെറ്റലുകളുമായി യോജിപ്പിച്ച് സ്വര്‍ണം പോലെ തോന്നിപ്പിക്കുന്ന വ്യാജ ഉല്‍പ്പന്നം നിര്‍മ്മിക്കുകയും പുരാതന നിധിയെന്ന പേരില്‍ ആളുകളെ കബളിപ്പിക്കുകയുമായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.

ദോഹ: ഖത്തറില്‍ വ്യാജ സ്വര്‍ണ ഇടപാട് നടത്തിയ രണ്ട് പ്രവാസികളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. 15 ലക്ഷം ഖത്തര്‍ റിയാല്‍ വാങ്ങിയാണ് ഏഷ്യക്കാരായ ഇവര്‍ വ്യാജ സ്വര്‍ണം വില്‍പ്പന നടത്തിയത്.

ആളുകള്‍ക്ക് വ്യാജ സ്വര്‍ണം നല്‍കി കബളിപ്പിക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ച് തെരച്ചിലുകളും അന്വേഷണവും തുടങ്ങി. തുടര്‍ന്ന് മാമൂറ പ്രദേശത്ത് വെച്ച് പ്രതികള്‍ പിടിയിലാകുകയായിരുന്നു. 15 കിലോഗ്രാം ലോഹ വസ്തുക്കള്‍ ഖത്തറിലേക്ക് കടത്തുകയും ഇവ മറ്റ് ലോഹങ്ങളുമായി യോജിപ്പിച്ച് സ്വര്‍ണം പോലെ തോന്നിപ്പിക്കുന്ന വ്യാജ ഉല്‍പ്പന്നം നിര്‍മ്മിക്കുകയും പുരാതന നിധിയെന്ന പേരില്‍ ആളുകളെ കബളിപ്പിക്കുകയുമായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. അംഗീകൃത സ്റ്റോറുകളില്‍ നിന്ന് മാത്രമേ സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാവൂ എന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.