റിയാദ്: മനോവിഭ്രാന്തിയുടെ ലക്ഷണം കണ്ടെന്ന കാരണം പറഞ്ഞ് വിമാന ജീവനക്കാർ വാതിൽക്കൽ വെച്ച് തടഞ്ഞതുമൂലം ബോർഡിങ് പാസുമായി വന്ന യുവാവിന്റെ യാത്ര മുടങ്ങി. വിമാനം പോയി, ടെർമിനലിൽ ഒറ്റക്കായ യുവാവ് രണ്ടുദിവസം അവിടെ അലഞ്ഞുതിരിഞ്ഞു. റിയാദ് കിങ് ഖാലിദ് ഇന്റർനാഷണൽ എയർപ്പോർട്ടിൽ കൊല്ലം സ്വദേശി സുധീഷിനാണ് ഈ അവസ്ഥയുണ്ടായത്. എയർപ്പോർട്ട് അധികൃതർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ട് മറ്റൊരു വിമാനത്തിൽ കയറ്റിവിടുകയായിരുന്നു. 

റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായിരുന്ന യുവാവിന് കുറച്ചുനാളായി മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. ജോലിക്ക് വരുന്നതിലൊക്കെ കൃത്യതയില്ലാതെയായപ്പോൾ എക്സിറ്റ് അടിച്ച് നാട്ടിൽ വിടാൻ തീരുമാനിച്ചു. ആദ്യം ഒരു തവണ വിമാനടിക്കറ്റെടുത്ത് എയർപ്പോർട്ടിലേക്ക് അയെച്ചങ്കിലും മനോരോഗ ലക്ഷണം കണ്ടതിനാൽ ബോർഡിങ് പാസ് കൊടുക്കും മുന്‍പുതന്നെ തിരിച്ചയച്ചു. വരുന്നവഴിയിൽ പാസ്‍പോര്‍ട്ട് കളഞ്ഞുപോകുകയും ചെയ്തു. പുതിയ പാസ്പോർട്ട് ശരിയാക്കി എക്സിറ്റ് നടപടികൾ വീണ്ടും പൂർത്തിയാക്കി വീണ്ടും ടിക്കറ്റെടുത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാം തവണയും എയർപ്പോർട്ടിൽ എത്തിച്ചത്.

ഇത്തിഹാദിന്റെ തിരുവനന്തപുരം വിമാനത്തിലായിരുന്നു ടിക്കറ്റ്. ലേഗേജ് ചെക്ക് ഇൻ, എമിഗ്രേഷൻ നടപടികളെല്ലാം ഒരു കുഴപ്പവുമില്ലാതെ പൂർത്തീകരിച്ച് ബോർഡിങ് പാസുമായി വിമാനത്തിന്റെ വാതിലിൽ എത്തിയപ്പോഴാണ് പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി ജീവനക്കാര്‍ തടഞ്ഞത്. അബൂദാബിയിൽ നിന്ന് വിമാനം മാറി കയറാനുള്ളതിനാൽ അത് പ്രശ്നമാകുമെന്ന് കരുതിയായിരുന്നത്രെ യാത്ര തടഞ്ഞത്. ടെർമിനലിൽ ബാക്കിയായ സുധീഷ് എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ഓരോ വിമാനങ്ങളിലേക്ക് യാത്രക്കാരെ വിളിക്കുമ്പോഴും ആ വരികളിലെല്ലാം പോയിനിൽക്കാൻ തുടങ്ങി. രണ്ടുദിവസവും ഇങ്ങനെ തന്നെ ചെയ്തു.