ഫ്ലോറിഡ: "ഒരു സ്പീഡ് ബംപ് പോലെയാണ് മെറിന്‍റെ ദേഹത്ത് ആ കറുത്ത കാർ പാഞ്ഞുകയറിയത്. ആ പാർക്കിംഗ് ഏരിയയിൽ മുഴുവൻ ചോരയായിരുന്നു. മെറിൻ അലറിക്കരയുന്നത് കാണാമായിരുന്നു'', സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സ് ബ്രോവാർഡ് ആശുപത്രിയിലെ മെറിന്‍റെ സുഹൃത്ത് നെഞ്ചുപിളരുന്ന ആ ദൃശ്യം ഓർത്തെടുക്കുന്നതിങ്ങനെ. 

ഭർത്താവ് ഫിലിപ്പ് മാത്യുവുമായി അഭിപ്രായവ്യത്യാസങ്ങളാൽ പിരിഞ്ഞ് താമസിക്കുകയായിരുന്നു മെറിൻ. കുഞ്ഞുമകൾ, രണ്ട് വയസ്സുകാരി നോറയെ പിറവത്തെ അച്ഛനമ്മമാരുടെ അടുക്കലാക്കിയാണ് ഏറ്റവുമൊടുവിൽ മെറിൻ തിരികെപ്പോയത്. വീട്ടുകാർക്കും ഇവർ തമ്മിൽ സ്വരച്ചേർച്ചയിലല്ല എന്നറിയാമായിരുന്നു. അപ്പോഴും അത് കൊല്ലാനുള്ള തരം വൈരത്തിലെത്തിയെന്ന് അവർ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. 

മുപ്പത്തിനാലുകാരിയായ മെറിന്‍റെ ആ ആശുപത്രിയിലെ അവസാനപ്രവൃത്തിദിനമായിരുന്നു അന്ന്. ഫിലിപ്പിൽ നിന്ന് ദൂരെപ്പോകാൻ സൗത്ത് ഫ്ലോറിഡയിൽ നിന്ന് ടാംപയിലെ മറ്റൊരു ആശുപത്രിയിലേക്ക് ജോലി മാറുകയായിരുന്നു മെറിൻ. ജോലി മാറുകയാണെന്നും, നഗരത്തിൽ നിന്ന് താമസം മാറുന്നുവെന്നും കാണിച്ച് നേരത്തേ മെറിൻ ആശുപത്രിയിൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഓവർനൈറ്റ് ഷിഫ്റ്റായിരുന്നു അന്ന് മെറിന്. ആശുപത്രിയിലെ നാലാം നിലയിൽ കൊവിഡ് വാർഡിലായിരുന്നു മെറിന് ഡ്യൂട്ടി. ജോലി കഴിഞ്ഞ് രാവിലെ പ്രാദേശിക സമയം ഏഴരയോടെ മയാമിയിലെ താമസസ്ഥലത്തേക്ക് പോകാൻ പാർക്കിംഗ് ഏരിയയിലേക്ക് പോയതായിരുന്നു മെറിൻ. 

ഷിഫ്റ്റ് അവസാനിച്ചതിന് പിന്നാലെ നാട്ടിലേക്ക് വിളിച്ച മെറിൻ അച്ഛനമ്മമാർക്കൊപ്പമുള്ള കുഞ്ഞു നോറയുടെ വികൃതികൾ കണ്ട്, അവളോട് കളിതമാശ പറഞ്ഞാണ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയത്.

ഷിഫ്റ്റ് നടപടികൾ പൂർത്തിയാക്കി മെറിൻ ഏഴേ ഇരുപതോടെ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. അപ്പോഴാണ് കറുത്ത കാറിൽ ഫിലിപ്പ് ആ പാർക്കിംഗ് ഏരിയയിലേക്ക് എത്തിയത്. ഒരു തരത്തിലും മുന്നറിയിപ്പ് പോലുമില്ലാതെ ഫിലിപ്പ് മെറിനെ കുത്തി വീഴ്ത്തി. പതിനേഴ് തവണ കുത്തിയെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി.  

ഫിലിപ്പ് മെറിനെ ആക്രമിക്കുന്നത് കണ്ട സഹപ്രവർത്തകർ അവിടേക്ക് ഓടിയെത്തിയപ്പോഴേക്ക് ഫിലിപ്പ് കാറുമായി കടന്നു കളഞ്ഞിരുന്നു. പക്ഷേ, സെക്യൂരിറ്റി കാറിന്‍റെ ലൈസൻസ് പ്ലേറ്റിന്‍റെ ചിത്രങ്ങളെടുത്ത് പൊലീസിന് അപ്പോഴേയ്ക്ക് കൈമാറി. 

മെറിനെ ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചു. ചോരയിൽ കുളിച്ച് കിടന്നപ്പോഴും മെറിൻ ഉറക്കെ കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നത്, ''എനിക്കൊരു മോളുണ്ട്'', എന്നായിരുന്നു. ഫിലിപ്പിനെ പിന്നീട് ഹോട്ട്സ്പ്രിംഗ്സിലെ തന്നെ മറ്റൊരു ഹോട്ടലിലെ മുറിയിൽ സ്വയം കുത്തിപ്പരിക്കേൽപിച്ച നിലയിൽ കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.