റിയാദ്: വീണ്ടും റിയാദില്‍ വരാനും കളിക്കാനും ആഗ്രഹിക്കുന്നെന്ന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ നായകന്‍ ലയണല്‍ മെസി. റിയാദില്‍ വെള്ളിയാഴ്ച നടന്ന അര്‍ന്റീന - ബ്രസീല്‍ സൗഹൃദ മത്സരത്തിന് ശേഷം സൗദി സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി അല്‍ ശൈഖിന് നന്ദി പറഞ്ഞ് അയച്ച സന്ദേശത്തിലാണ് റിയാദില്‍ വീണ്ടും വന്ന് കളിക്കാനായതിലെ സന്തോഷവും ഇനിയും വരാനുള്ള ആഗ്രഹവും പങ്കുവെച്ചത്. 

കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ടുണ്ടായ വിലക്ക് അവസാനിച്ചതിന് ശേഷം മെസ്സിയുടെ കളിയിലേക്കുള്ള തിരിച്ചുവരവായിരുന്നു വെള്ളിയാഴ്ചത്തെ മത്സരം. എതിരില്ലാത്ത ഒരു ഗോളിന് ചിരവൈരികളെ തകര്‍ക്കാനായതിന്റെ ആഹ്ലാദവും മെസ്സിയുടെ വാക്കുകളില്‍ സ്ഫുരിച്ചിരുന്നു. റിയാദിലേക്ക് തിരിച്ചുവന്നപ്പോള്‍ ആ ഊര്‍ജ്ജം എല്ലാവര്‍ക്കും പകര്‍ന്നു നല്‍കാനായതിലും വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞു തുടങ്ങുന്ന സന്ദേശം റിയാദ് സീസണിന്റെ ഭാഗമായി ഇത്തരമൊരു അവസരമൊരുക്കിയതിന് നന്ദി അറിയിക്കുകയും ചെയ്തു.