പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‍സിഡി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‍സിഡിയും ലഭിക്കും. 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് ചൊവ്വാഴ്‍ച തുടക്കമാവും. 
അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്‍പ ലഭ്യമാക്കുന്ന ഈ പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. ഉച്ചക്ക് ഒന്നിന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‍സിഡി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‍സിഡിയും ലഭിക്കും. കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ അറുന്നൂറിലധികം ശാഖകള്‍ വഴി പവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കേരളാ ബാങ്ക് ഉള്‍പ്പെടെയുള്ള വിവിധ സഹകരണസ്ഥാപനങ്ങള്‍, പ്രവാസി കോഓപ്പറേറ്റീവ്‌ സൊസൈറ്റികള്‍, മറ്റ് ദേശസാത്കൃത ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത - മൈക്രോ പദ്ധതി വിപുലമാക്കാനും ലക്ഷ്യമിട്ടുണ്ട്. ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ മുഖ്യപ്രഭാഷഷണം നടത്തും. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ അദ്ധ്യക്ഷത വഹിക്കും. നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടര്‍ സുബ്രമണ്യം വി.പി, തുടങ്ങിയവര്‍ സംബന്ധിക്കും.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി നോര്‍ക്ക വഴി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന തുടര്‍ച്ചയായുള്ള രണ്ടാമത്തെ സംരഭകത്വ സഹായ പദ്ധതിയാണിത്. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പ്രവാസി ഭദ്രത-പേള്‍ പദ്ധതി ഓഗസ്റ്റ് 26ന് ഉദ്ഘാടനം ചെയ്തിരുന്നു.