അബുദാബി: യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം ആരംഭിച്ചു. തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് സെപ്തംബർ 15 വരെ തുടരും. 

താപനില 47 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയ പശ്ചാത്തലത്തിലാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാനവ വിഭവശേഷി--സ്വദേശിവത്കരണ മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്. ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം മൂന്ന് മണി  വരെയാണ് വിശ്രമം. തൊഴിലാളികൾക്ക് ഉച്ച വിശ്രമത്തിന് മതിയായ തണലൊരുക്കണമെന്നും മന്ത്രി നാസർ ബിൻ താനി അൽ ഹംലി പറഞ്ഞു. നിയമം ലംഘിച്ച്തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തും.  ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതമാണ് ആദ്യഘട്ടത്തിൽ പിഴ. അരലക്ഷം ദിർഹം വരെ ഈ കേസിൽ കമ്പനികൾക്ക് മന്ത്രാലയം പിഴ ചുമത്തും. ഇതിനുപുറമെ കമ്പനികളെ മന്ത്രാലയത്തിന്റെ താഴ്ന്ന പട്ടികയിലാക്കി തരംതാഴ്‌ത്താനും തീരുമാനിച്ചിട്ടുണ്ട്. 

ചൂടിന് കടുപ്പം കൂടിയതിനാൽ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണം. ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിച്ചാൽ തൊഴിൽ നിയമപ്രകാരമുള്ള അധികവേതനം നൽകണം. ഗതാഗതം സുഗമമാക്കാനുള്ള സാഹചര്യങ്ങളിലും വൈദ്യുതി, ടെലികമ്യൂണിക്കേഷൻ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ജോലികൾക്കും നിയമത്തിൽ നിന്നും ഇളവ് നൽകിയിട്ടുണ്ട്. മലിനജല നീക്കം അടിയന്തരമായി വരുന്ന സാഹചര്യങ്ങളിലും തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനു കമ്പനികൾക്ക് വിലക്കില്ല. 

ജോലിസ്ഥലങ്ങളിൽ തണുത്ത കുടിവെള്ളത്തിന്റെ ലഭ്യത കമ്പനികൾ ഉറപ്പാക്കണം. ആരോഗ്യ മന്ത്രാലയം നൽകിയ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം ഉച്ചവിശ്രമ നിയമത്തിൽ ഇളവ് നൽകപ്പെട്ടവരെയും പണിയെടുപ്പിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.