രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് പുറംതൊഴിലുകളിൽ ഏർപ്പെടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ദോഹ: ഖത്തറിൽ വേനൽ കനത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള ഉച്ച വിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് പൊള്ളുന്ന ചൂടിൽ പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ആശ്വാസമായി ഖത്തർ തൊഴിൽ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്. മോട്ടോർ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കും ഇതോടൊപ്പം വിലക്കുണ്ട്.
എല്ലാ വർഷങ്ങളിലും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കാറുണ്ട്. തൊഴിലാളികളുടെ സുരക്ഷയും മാനുഷിക പരിഗണനയും കണക്കിലെടുത്താണ് നിയമംമൂലംതന്നെ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. പുറംതൊഴിലുകളിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ തൊഴിലിടങ്ങളിലും പ്രത്യേകിച്ച് നിര്‍മാണ മേഖലകളില്‍ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനയും ആരംഭിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാറുണ്ട്. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ ആരോഗ്യ ബോധവത്കരണ കാമ്പയിനുകളും സജീവമാകും.


