ദുബൈ: ഗൾഫ് മേഖലയിൽ കൊവിഡ് പടർന്നതോടെ ഇടത്തരക്കാരായ പ്രവാസികളാണ് കൂടുതൽ പ്രതിസന്ധിയിലായത്. ചെറിയ കച്ചവടസ്ഥാപനങ്ങളും സംരഭങ്ങളും നടത്തിയിരുന്നവർ ഇനിയെന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. ലോക്ക് ഡൗണിനു മുൻപേ നാട്ടിലെത്തിയവർക്ക് എന്ന് തിരിച്ചു പോകാനാകുമെന്ന് പോലും അറില്ല.

ദുബൈയിൽ ഫാൻസി കട നടത്തുകയാണ് മുഹമ്മദ് കുഞ്ഞി. മാർച്ച് രണ്ടാംവാരമാണ് നാട്ടിലെത്തിയത്. ഒരുമാസത്തിനകം തിരിച്ചു പോകാനായിരുന്നു പദ്ധതി. കൊവിഡിൽ കുടുങ്ങി യാത്രമുടങ്ങി. കടം വാങ്ങിയും മറ്റുമായി തുടങ്ങിയ ഫാൻസി കടയും ഇതോടെ പ്രതിസന്ധിയിലായി. വരുമാനം മുടങ്ങി ചിലവേറി. ഇതു തന്നെയാണ് മറ്റു പ്രവാസികളുടേയും അവസ്ഥ.

കച്ചവടസ്ഥാപനങ്ങളിൽ ജോലി നോക്കിയിരുന്നവരും പ്രതിസന്ധിയിലാണ്. ചിലവ് ഏറെയാണ്. വരുമാനമില്ല. നാട്ടിലേക്കെത്താനും കഴിഞില്ല. ദുബൈയിൽ ചില ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും ശമ്പളം നാലിലൊന്നായി ചുരുങ്ങിയിട്ടുണ്ടെന്നാണ് അവിടെയുള്ളവർ പറയുന്നത്. ദുബായിലെ മലയാളി സംരഭകരും വലിയ പ്രതിസന്ധിയിലാണ്. രോഗഭീതിയും വരുമാനമാര്‍ഗം അടഞ്ഞതുമെല്ലാം പലരേയും ഇതിനോടകം കടുത്ത മനോവിഷമത്തിലെത്തിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇവയെല്ലാം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.