Asianet News MalayalamAsianet News Malayalam

ഭാഷാ പ്രാവീണ്യം ആവശ്യമില്ലെന്ന് വാഗ്ദാനം, യുകെയില്‍ കൊണ്ടുപോയ നഴ്സുമാരോട് ചതി; സ്വകാര്യ ഏജന്‍സിയുടെ തട്ടിപ്പ്

പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നോര്‍ക്ക വകുപ്പ് വഴി കത്ത് നല്‍കിയിട്ടുണ്ട്.

migrated without language proficiency hundreds of malayali nurses cheated and trapped in uk afe
Author
First Published Sep 16, 2023, 6:59 AM IST

തിരുവനന്തപുരം: യു.കെയില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ സ്വമേധയാ ഇടപെടല്‍ തുടങ്ങിയെന്നും ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായും നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ഏജന്‍സി വഴി യു.കെയില്‍ നഴ്സായി പോയവരെ വാഗ്ദാനം നല്‍കിയ ജോലി ലഭ്യമാക്കാതെ കബളിപ്പിച്ചതായും തുടര്‍ന്ന് ദൈനംദിന ചെലവുകള്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതായും മാധ്യമങ്ങളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതേതുടര്‍ന്നാണ് സ്വമേധയാ ഇടപെടാന്‍ നോര്‍ക്ക റൂട്ട്സ് തീരുമാനിച്ചതെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നോര്‍ക്ക വകുപ്പ് വഴി കത്ത് നല്‍കിയിട്ടുണ്ട്. ഒപ്പം ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡി.ജി.പി യ്ക്കും കത്തു നല്‍കി. വിഷയം മുഖ്യമന്ത്രിയോടും ധരിപ്പിച്ചിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Read also:  എക്സിറ്റില്‍ നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ വന്ന അപ്രതീക്ഷിത 'വില്ലന്‍'; ഭയത്തോടെ കഴിഞ്ഞു, ഒടുവില്‍ ആശ്വാസം

വിഷയം യു.കെ യിലെ ലോകകേരള സഭാ അംഗങ്ങള്‍, കേരളീയ പ്രവാസി സംഘടനകള്‍ മറ്റ് ഏജന്‍സികള്‍ എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് കൊച്ചിയിലെ സ്വകാര്യ ഏജന്‍സി ഇവരെ യു.കെ യില്‍ എത്തിച്ചത് എന്നാണ് മനസ്സിലാകുന്നത്. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കേഷനുകള്‍ അനിവാര്യമില്ലെന്ന് ഉദ്യേഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകളെന്നതാണ് വാര്‍ത്തയില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തില്‍ നിന്നും യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതവും സുരക്ഷിതവുമായ തൊഴില്‍ കുടിയേറ്റം നേര്‍ക്ക റൂട്ട്സ് ഉള്‍പ്പെടെയുളള അംഗീകൃത ഏജന്‍സികള്‍ വഴി നടത്തിവരികയുമാണ്. 

നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴിയുളള യു.കെ, ജര്‍മ്മനി  റിക്രൂട്ട്മെന്റുകള്‍ പൂര്‍ണ്ണമായും സൗജന്യവുമാണ്. സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ചതിയില്‍പെടരുതെന്ന് നിരവധിതവണ അവബോധമുണ്ടാക്കാനും ശ്രമിച്ചിരുന്നു. ഇതൊക്കെയായിട്ടും നമ്മുടെ ഉദ്യേഗാര്‍ത്ഥികള്‍ ചതിയില്‍പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് അംഗീകൃത ഏജന്‍സി വഴിയാണ് തൊഴില്‍ കുടിയേറ്റം നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 
വിദേഷഭാഷാ പഠനത്തിന് നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് ഏവര്‍ക്കും പ്രാപ്യമാകുന്ന സൗജന്യ നിരക്കിയലാണ് പരിശീലനം നല്‍കി വരുന്നത്. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുളളവര്‍ക്ക് മറ്റിടങ്ങളില്‍ നിന്നും പരിശീലനത്തിന് സഹായിക്കുന്നതിന് വായ്പാ പദ്ധതിയും നോര്‍ക്ക ആവിഷ്കരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും, ചതിക്കുഴികളില്‍ വീണുപോകരുതെന്നും പി. ശ്രീരാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios