മസ്‍കത്ത്: ഒമാനിലെ മത്രാ വിലായത്തിൽ കൊവിഡ് 19 പരിശോധന ആരംഭിച്ചു. സ്വദേശികളും വിദേശികളും അവസരം പ്രയോജനപ്പെടുത്തണമെന്നു ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ മത്രാ വിലയാത്തിൽ സാമൂഹ്യ വ്യാപനം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം പരിശോധന ആരംഭിച്ചിരിക്കുന്നത്. മത്രാ  വിലായത്തിൽ താമസിക്കുന്ന എല്ലാ സ്വദേശികളും വിദേശികളും കോവിഡ് 19 പരിശോധനക്ക് വിധേയരാകണമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്കായി ഒരു  പ്രത്യേക  വൈദ്യസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കോവിഡ് 19 പരിശോധന തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒമാനിൽ റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ള 484 കൊവിഡ് 19  കേസുകളിൽ 206 രോഗികളും മത്രാ വിലായത്തിൽ നിന്നുള്ളവരാണ്. കൊവിഡ് പരിശോധനയും രോഗം കണ്ടെത്തിയാൽ ചികിത്സയും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമാണെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. മതിയായ രേഖകളില്ലാതെ താമസിക്കുന്നവരും രേഖകളുടെ കാലാവധി കഴിഞ്ഞവരും ഉള്‍പ്പെടെ എല്ലാ വിദേശികളും ഈ പരിശോധന നടത്തണമെന്നും രേഖകളില്ലാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കില്ലെന്നും ഒമാൻ സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.