റിയാദ്: സൗദി അറേബ്യയിൽ നടന്ന അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിൽ ‘മുഷറഫ്’ എന്ന കുതിര ഏറ്റവും വേഗമേറിയ ഓട്ടക്കാരനുള്ള ചാമ്പ്യൻ പട്ടം സ്വന്തമാക്കി. റിയാദിൽ നടന്ന രണ്ടാമത് സൗദി കപ്പ് അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിലാണ് 20 ദശലക്ഷം ഡോളറിന്റെ സമ്മാനം ഈ കുതിരയുടെ ഉടമ നേടിയത്. 

റിയാദിലെ കിങ് അബ്ദുൽ അസീസ് ഇക്വസ്റ്റേറിയൻ സ്ക്വയറിലാണ് കുതിരയോട്ട മത്സരം നടന്നത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിലായിരുന്നു അവേശോജ്വലമായ മത്സരം പൊടിപാറിച്ചത്. ജേതാക്കൾക്ക് സൗദി കപ്പ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിതരണം ചെയ്തു. ചാമ്പ്യനായ കുതിരയുടെ ഉടമയായ അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അൽഫൈസലിനെ കിരീടാവകാശി അഭിനന്ദിച്ചു. അതോടൊപ്പം മുഷറഫ് കുതിരയുടെ പരിശീലകനായ ജോൺ ഗോസ്ഡനെയും ജോക്കി ഡേവിഡ് എഗാനെയും കിരീടാവകാശി അനുമോദിച്ചു. 

കുതിരയോട്ട മത്സര ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള സമ്മാനമാണ് സൗദി കപ്പിലൂടെ മുഷറഫ് കുതിരയും അതിന്റെ ഉടമസ്ഥനും സ്വന്തമാക്കിയത്. മത്സരത്തിലെ മൊത്തം സമ്മാന തുക 30.5 ദശലക്ഷം ഡോളറാണ്. ലോകത്തിലെ ഏറ്റവും പ്രമുഖമായ കുതിരകൾ, പരിശീലകർ, കുതിര ഓട്ടക്കാർ (ജോക്കികൾ) എന്നിവർ മത്സരത്തിൽ പങ്കെടുത്തു. 13 രാജ്യങ്ങളിൽ നിന്നുള്ള 77 കുതിരകളാണ് മത്സരത്തിൽ പങ്കെടുത്തത്. 

റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, രാജാവിന്റെ ഉപദേശകനും ഇക്വസ്റ്റേറിയൻ കമീഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനും കുതിരയോട്ടമത്സര ക്ലബ് ചെയർമാനുമായ അമീർ ബന്ദർ ബിൻ ഖാലിദ് അൽഫൈസൽ, ഓസ്ട്രിയയിലെ സൗദി അംബാസഡറും കുതിരയോട്ടമത്സര ക്ലബ് ഡയറക്ടറുമായ അമീർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസും ഫൈനൽ മത്സരത്തിലും സമ്മാന വിതരണ ചടങ്ങിലും പങ്കെടുത്തു.