ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച കാണാതായ മലയാളി ബാലന്‍ അമേയ സന്തോഷിനെ കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമേയയെ വൈകുന്നേരം നാല് മണിയോടെ ദുബായില്‍ വെച്ചാണ് കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് അമേയയെ കണ്ടെത്തി സ്കൂള്‍ അധികൃതരെ വിവരമറിയിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വെള്ളിയാഴ്ച ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അമേയയെ പിന്നീട് കാണാതാവുകയായിരുന്നു. ക്ലാസ് എപ്പോള്‍ കഴിയുമെന്നറിയാന്‍ വീട്ടില്‍ നിന്ന് അധ്യാപകനെ ബന്ധപ്പെട്ടപ്പോഴാണ് അമേയ ക്ലാസില്‍ എത്തിയിട്ടില്ലെന്ന് അറിയിച്ചത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ക്ലാസ് നടക്കുന്ന കെട്ടിടത്തില്‍ എത്തിയിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് ഷാര്‍ജ പൊലീസില്‍ പരാതി നല്‍കുകയും കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ കുടുംബം അഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.

ഗ്രോസറികളിലും കഫറ്റീരിയകളിലും മറ്റ് പല സ്ഥലങ്ങളിലും വെച്ച് അമേയയെ കണ്ടതായി പലരും കുടുംബത്തെ അറിയിക്കുകയും ചെയ്തു. പരീക്ഷാപ്പേടി കാരണമാവാം വിദ്യാര്‍ത്ഥി വീടുവിട്ട് പോയതെന്നാണ് ബന്ധുക്കള്‍ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ പ്രീ ബോര്‍ഡ് പരീക്ഷകള്‍ നടന്നുവരികയാണ്. സയന്‍സ് പരീക്ഷ എഴുതാതിരിക്കാന്‍ വേണ്ടി വീട്ടില്‍ വരാതിരുന്നതാവാമെന്നായിരുന്നു ബന്ധുക്കളുടെ അനുമാനം. പൊലീസ് അന്വേഷണം തുടര്‍ന്നുവരവെയാണ് ഇന്ന് വൈകുന്നേരം ദുബായില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്.