ഒമാനിലെ മാത്രാ പ്രവിശ്യയില്‍ കൊവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി. മൊബൈല്‍  വൈദ്യ പരിശോധന വാനുകളിലൂടെ ഈ സേവനം 24  മണിക്കൂറും ഉണ്ടായിരിക്കുമെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയ അധികൃതര്‍ പറഞ്ഞു. 

മസ്‌കത്ത്: ഒമാനിലെ മാത്രാ പ്രവിശ്യയില്‍ കൊവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി. മൊബൈല്‍ വൈദ്യ പരിശോധന വാനുകളിലൂടെ ഈ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കുമെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയ അധികൃതര്‍ പറഞ്ഞു. മാത്രാ പ്രവിശ്യയില്‍ വയറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മന്ത്രാലയത്തിന്റെ ഈ നീക്കം.

വാഹനങ്ങളില്‍ വൈദ്യപരിശോധനാ സംഘത്തെ വിന്യസിക്കുന്നതുമൂലം, ഈ പ്രവിശ്യയില്‍ താമസിച്ചു വരുന്ന പൗരന്മാരോടൊപ്പം കൂടുതല്‍ സ്ഥിരതാമസക്കാരെയും പരിശോധനക്ക് വിധേയമാക്കുവാന്‍ കഴിയും. രാജ്യത്ത് പടരുന്ന കോവിഡ് 19 തിന്റെ പ്രഭവകേന്ദ്രം ആയ 'മത്രാ' പ്രവിശ്യയില്‍ ആണ് ഇതിനകം കൂടുതല്‍ കൊറോണവയറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാലാണ് മാത്രാ പ്രവിശ്യയില്‍ മൊബൈല്‍ വൈദ്യപരിശോധന സംഘത്തെ നിയോഗിക്കുവാന്‍ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നത്.

 മാത്രാ വിലായത്തിലെ വിദേശികളായ സ്ഥിര താമസക്കാര്‍ക്ക് ദാര്‍സൈറ്റ്ലുള്ള രക്തപരിശോധന കേന്ദ്രത്തിലും മറ്റ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഉടന്‍ തന്നെ കൊവിഡ് 19 വൈദ്യ പരിശോധന ആരംഭിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അല്‍ ഹൊസൈനി വ്യക്തമാക്കി.

ഒമാനില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വയറസ്സ് ബാധിച്ചവരുടെ എണ്ണം 252 ലെത്തിയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഇതിനകം 57 പേര് രോഗ വിമുക്തര്‍ ആയെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.