അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശൈഖ് മുഹമ്മദിന്റെ അമ്മാവന്‍ ശൈഖ് സുഹൈല്‍ ബിന്‍ മുബാറക് അല്‍ കിത്‍ബി (73) ഞായറാഴ്ചയാണ് അന്തരിച്ചത്. ദുഃഖത്തിന്റെ ഈ വേളയില്‍ കിരീടാവകാശിയുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെവ്വാഴ്ചയായിരുന്നു ശൈഖ് സുഹൈലിന്റെ ഖബറടക്കം നടന്നത്. യുഎഇയിലും ലോകമെമ്പാടുമുള്ള നേതാക്കള്‍ ശൈഖ് മുഹമ്മദിനെ അനുശോചനമറിയിച്ചിരുന്നു.

യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഭാര്യ ശൈഖ ഫാതിമ ബിന്‍ത് മുബാറകിന്റെ സഹോദരനായിരുന്നു സുഹൈല്‍ ബിന്‍ മുബാറക് അല്‍ കിത്‍ബി. അസുഖബാധിതനായിരുന്ന അദ്ദേഹം ഏറെനാളായി ലണ്ടനില്‍ ചികിത്സയിലായിരുന്നു. രാഷ്ട്രപിതാവായ ശൈഖ് സായിദ് സ്വന്തം സഹോദരനെപ്പോലെയായിരുന്നു ശൈഖ് സുഹൈലിനെ കണക്കാക്കിയിരുന്നതെന്ന് അക്കാലത്ത് അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നവര്‍ അനുസ്മരിച്ചു. അല്‍ ഐനിലായിരുന്നു ശൈഖ് സുഹൈലിന്റെ ജനനം. ശൈഖ് മുഹമ്മദിന്റെ കുട്ടിക്കാലത്ത് ശൈഖ് സുഹൈലിനൊപ്പം നില്‍ക്കുന്ന ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ നിരവധിപ്പേര്‍ പങ്കുവെച്ചു.