പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനാണ് പുരസ്കാരം സമ്മാനിച്ചത്.
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ സമ്മാനിച്ചു. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനാണ് പുരസ്കാരം സമ്മാനിച്ചത്. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി.
രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രസിഡന്‍ഷ്യൽ പാലസിൽ എത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നല്‍കി സ്വീകരിച്ചു.

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും. പ്രസിഡൻഷ്യൽ പാലസിലെ ഉച്ചവിരുന്നിന് ശേഷം യുഎഇ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി ബഹ്റൈനിലേക്ക് യാത്ര തിരിക്കും. ഇന്ത്യാ-യുഎഇ ബന്ധത്തിലെ സുവർണ അധ്യായമാണ് മോദിയുടെ മൂന്നാമത് സന്ദർശനവും പരമോന്നത പുരസ്കാര സ്വീകരണവും. കശ്മീർവിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ എന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ തിളക്കം കൂട്ടുന്നു.


