അബുദാബി: യുഎഇയില്‍ റുപേ കാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്മെന്റും ധാരണാപത്രം ഒപ്പുവെച്ചു. ഇതോടെ റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യമായി യുഎഇക്ക് മാറി.

അബുദാബി എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു റുപേ കാര്‍ഡുകളുടെ യുഎഇയിലെ പ്രഖ്യാപനം നിര്‍വഹിച്ചത്. വിസ, മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാർഡ് യുഎഇയിലെ പിഒഎസ് ടെർമിനലുകളിലും ഔട്ട്‌ലെറ്റുകളിലും സ്വീകരിക്കും. തന്റെ റുപേ കാര്‍ഡ് സ്വൈപ് ചെയ്ത് മോദി മധുരം വാങ്ങുകയും ചെയ്തു. ലുലു ഗ്രൂപ്പ്, എന്‍എംസി ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ലാന്റ്മാര്‍ക്ക് ഗ്രൂപ്പ്, ശോഭ ലിമിറ്റഡ്, അപ്പാരല്‍ ഗ്രൂപ്പ്, നികായ് ഗ്രൂപ്പ്, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്, വിപിഎസ് ഹെല്‍ത്ത് കെയര്‍, ഇമാര്‍ തുടങ്ങിയ 23 കമ്പനികളുടെ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ സ്ഥാപനങ്ങളെല്ലാം ഇനി റുപേ കാര്‍ഡ് സ്വീകരിക്കും.
 

വിസ, മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാർഡ് യുഎഇയിലെ പിഒഎസ് ടെർമിനലുകളിലും ഔട്ട്‌ലെറ്റുകളിലും സ്വീകരിക്കും. പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായിരിക്കുമെന്നതാണ് റുപെയുടെ പ്രത്യേകത. സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ എടിഎം, പിഒഎസ്, ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് റുപേ കാർഡുകൾ ഉപയോഗിക്കാനാവും.